2000 കോടിയുടെ ആഢംബരം; തിരുവനന്തപുരം ലുലു മാളിന്റെ സവിശേഷതകള്‍ ഇങ്ങനെ
പ്രൗഢിയോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ തിരുവനന്തപുരം ലുലു മാളിന്റെ ഉല്‍ഘാടനം ഡിസംബര്‍ 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത് തിരുവനന്തപുരം ലുലു മാളിന്റെ സവിശേഷതകളാണ്.
തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്തായി ടെക്‌നോ പാര്‍ക്കിന് സമീപം ആക്കുളത്താണ് 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ലുലു മാള്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്.
2000 കോടി രൂപയുടെ നിക്ഷേപത്തിലാണ് ലുലുവിന്റെ പണി പൂര്‍ത്തിയായിരിക്കുന്നത്. എട്ട് നിലകളിലായുള്ള മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കേന്ദ്രമാണ് ലുലുവിന്റെ പ്രധാന ആകര്‍ഷണം.
ഇതില്‍ മാള്‍ ബേസ്‌മെന്റില്‍ മാത്രം ആയിരം വാഹനങ്ങള്‍ക്കും, 500 വാഹനങ്ങള്‍ക്കുള്ള ഓപ്പണ്‍ പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് പ്രവേശിക്കുവാനും പുറത്തു കടക്കുവാനും പാര്‍ക്കിംഗ് മാനേജ്മന്റ് സിസ്റ്റം, ഇന്റലിജന്റ് പാര്‍ക്കിംഗ് ഗൈഡന്‍സ് തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ ലുലു കണക്ട്, ലുലു സെലിബ്രറ്റി, 200ല്‍ അധികം രാജ്യാന്തര ബ്രാന്‍ഡുകള്‍, 12 സ്‌ക്രീന്‍ സിനിമ, 80000 ചതുരശ്ര അടിയില്‍ കുട്ടികള്‍ക്കായുള്ള എന്റര്‍ടൈന്‍മെന്റ് സെന്റര്‍, 2500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ട് എന്നിവയും തിരുവനന്തപുരം ലുലു മാളിനെ പ്രൗഢമാക്കുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഷോപ്പിംഗ് മാള്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ എല്ലാ അനുമതികളും ഇതിനോടകം ലഭിച്ചതായി ലുലു തിരുവനന്തപുരം റീജിണല്‍ ഡയറക്ടര്‍ ജോയ് സദാനന്ദന്‍ നായര്‍ അറിയിച്ചു.