കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വന്‍ സുരക്ഷാ സന്നാഹമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നത്. രാവിലെ പതിനൊന്നോടെയാണ് സുരേന്ദ്രന്‍ പൊലീസ് ക്ലബില്‍ എത്തിയത്.
ഇതിനിടെ പാര്‍ട്ടി പ്രതിരോധത്തിലല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ കിട്ടുന്നതിന് പിന്നിലടക്കം ഗൂഡാലോചനയുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് നോക്കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
കവര്‍ച്ചക്കേസിലെ പരാതിക്കാരനായ ധര്‍മരാജനും കെ സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചു എന്ന നിഗമനത്തിലാണ് മൊഴിയെടുക്കുന്നത്. മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം പുലര്‍ച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധര്‍മരാജന്‍ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയില്‍ കെ സുരേന്ദ്രനും ധര്‍മ്മരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്.
നഷ്ടപ്പെട്ട കുഴല്‍പ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. നേരത്തെ ജൂലായ് 6 ന് ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നതെങ്കിലും കെ സുരേന്ദ്രന്‍ കൂടുതല്‍ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.