സ്വകാര്യ രക്തബാങ്കുകളുമായി കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കള്ളക്കളി;  ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തില്‍ നിന്ന്  തട്ടിച്ചത് ലക്ഷങ്ങള്‍ 



പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് എത്തുന്ന ഗര്‍ഭിണികളെ സ്വകാര്യ രക്തബാങ്കുകളിലേക്ക് പറഞ്ഞുവിട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. കഴിഞ്ഞ വര്‍ഷം 359 പേരെയാണ് രക്തം ക്രോസ്മാച്ചിങ് ചെയ്യാന്‍ തൊട്ടടുത്തുള്ള മുത്തൂറ്റ് ആശുപത്രിയിലേക്ക് വിട്ടത്. ക്രോസ് മാച്ചിങും രക്തം ആവശ്യമായി വന്നാല്‍ അതും സൗജന്യമായി ലഭ്യമാക്കാന്‍ സൗകര്യമുള്ളപ്പോഴാണ് അധികൃതരുടെ കള്ളക്കളി.

പ്രസവ ചികിത്സയ്ക്കായി നിരവധി സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആതുരാലയമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. സിസേറിയന്‍ നിര്‍ദേശിക്കുന്ന ഗര്‍ഭിണികളുടെ രക്തം ആദ്യം ക്രോസ് മാച്ചിങ് ചെയ്യണം. പിന്നീട് രക്തം ആവശ്യമായി വന്നാല്‍ അധികം ദൂരെയല്ലാത്ത പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ നിന്ന് ലഭ്യമാക്കും. ഈ സേവങ്ങളെല്ലാം സൗജന്യമെന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിലെ ഗൈനക്കോളജി വിഭാഗത്തില്‍ നടക്കുന്നത് വന്‍ കള്ളക്കളിയാണെന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. 


കഴിഞ്ഞ വര്‍ഷം 16 പേര്‍ മാത്രമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രക്തം ക്രോസ് മാച്ചിങ് ചെയ്തത്. എന്നാല്‍, തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് ഈ പരിശോധനയ്ക്ക് പറഞ്ഞുവിട്ടവരുടെ എണ്ണം 359 ആണ്. ഇതില്‍ 30 പേര്‍ രക്തം അവിടെ നിന്ന് പണം കൊടുത്തു വാങ്ങുകയും ചെയ്തു. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് നോക്കിയാല്‍, കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ വെറും 18 പേര്‍ മാത്രമാണ് രക്തം ക്രോസ് മാച്ചിങ് ചെയ്തത്. എന്നാല്‍, 123 പേരെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടത്. സൗജന്യമായി നടക്കേണ്ട ക്രോസ് മാച്ചിങ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ നല്‍കേണ്ടത് 900 രൂപയാണ്. രക്തം വാങ്ങിയാല്‍ 3000 രൂപയും നല്‍കണം. 

സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള കമ്മീഷന്‍ ഏര്‍പ്പാടാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടക്കുന്നത്. സംഭവത്തില്‍ ചില പരാതികള്‍ വന്നെന്നും പ്രാഥമിക അന്വേഷണം ആരോഗ്യവകുപ്പ് തുടങ്ങിയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ പ്രധാന ആശുപത്രിയിലാണ് സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഈ കൂട്ടുകച്ചവടം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media