ദില്ലി: കൊല്‍ക്കത്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച വിഷയം പരിഗണിക്കും. സുപ്രീംകോടതി ഇടപെടല്‍ തേടി രണ്ട് അഭിഭാഷകരും തെലങ്കാനയില്‍ നിന്നുള്ള ഡോക്ടറും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. കേസില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കും.
ഓഗസ്റ്റ് ഒന്‍പത് വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിവില്‍ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയാണ് അറസ്റ്റിലായത്. എന്നാല്‍ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടര്‍മാരും പരാതി ഉന്നയിച്ചു. കേസില്‍ ഇടപെട്ട ഹൈക്കോടതി പൊലീസ് അന്വേഷണത്തെയും സംസ്ഥാന സര്‍ക്കാരിനെയും സംഭവത്തില്‍ നിശിതമായി വിമര്‍ശിച്ച ശേഷം അന്വേഷണം സിബിഐക്ക് വിട്ടു. സംഭവം വിവാദമായതിന് പിന്നാലെ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരെ എല്ലാം ഉടന്‍ പിടികൂടും എന്ന് സിബിഐ ഉറപ്പ് നല്‍കിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവന്‍ പ്രതിഷേധത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു.