ഗവര്‍ണറുടെ കത്ത് ഗൗരവമുള്ളത്, മന്ത്രി രാജിവെക്കണം; ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്ത് അതീവ ഗൗരവമുള്ളതാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ വിസിയുടെ നിയമനത്തില്‍ ഗവര്‍ണര്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു. വിഷയത്തില്‍ ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞകാലങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. കെ ടി ജലീല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഉന്നയിച്ച വസ്തുതകള്‍ പ്രതിപക്ഷ ജല്പനങ്ങള്‍ എന്ന് ആരോപിച്ചു സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇപ്പോള്‍ നിയമവിരുദ്ധമായി ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്ന് ഗവര്‍ണര്‍ പറയുന്നു. കണ്ണൂര്‍ വിസിക്ക് ഇനി അധികാരത്തില്‍ തുടരാനാകുമോ. ഇക്കാര്യത്തില്‍ മന്ത്രി ബിന്ദു പ്രതിക്കൂട്ടിലാണ്. മന്ത്രിയാണ് പുനര്‍നിയമനം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. മന്ത്രിക്ക് കത്തെഴുതാന്‍ അവകാശം ഇല്ല. മന്ത്രി ആര്‍.ബിന്ദു രാജിവെക്കണം.
സംസ്‌കൃത യൂണിവേഴ്സിറ്റിയില്‍ പാര്‍ട്ടിക്കാരെ നിയമിക്കാന്‍ ശ്രമം നടന്നു. മന്ത്രിക്ക് അധികാരത്തില്‍ തുടരാനാകില്ല. കേരളത്തിലെ സര്‍വകലാശാലകളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫീസുകളാക്കി അധഃപതിപ്പിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. കണ്ണൂര്‍ വിസി അടിയന്തരമായി സ്ഥാനം ഒഴിയണം. കെ ടി ജലീല്‍ ചെയ്ത അതേ കാര്യമാണ് ആര്‍ ബിന്ദുവും ചെയ്തത്. തുടര്‍ഭരണം കിട്ടിയപ്പോള്‍ ആരും ചോദിക്കാനില്ല എന്ന നിലയിലാണ് സര്‍ക്കാര്‍. വിരമിച്ചവര്‍ക്ക് പോലും പുനര്‍നിയമനം നല്‍കുന്നു. എ ജി നിയമോപദേശം നല്‍കുമ്പോള്‍ അന്തസ്സ് ഉണ്ടാകണം.മുസ്ലിം ലീഗിനെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തേണ്ട. ഭീഷണി കയ്യില്‍ വെച്ചാല്‍ മതി. വിരട്ടി കളയാം എന്നു മുഖ്യമന്ത്രി കരുതേണ്ട. മുസ്ലീം ലീ?ഗ് വിവാദ പരാമര്‍ശം തള്ളികളഞ്ഞിട്ടുണ്ട്. പക്ഷേ ഭീഷണി നടക്കില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.