അമേരിയ്ക്കയില്‍ ആറു മാസം കൊണ്ട് 80 ലക്ഷത്തിലേറെപ്പേര്‍ ദരിദ്രരായി
ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമാണ് യുഎസ്. ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്നതു തന്നെയാണ് കാരണം. എന്നാല്‍ യുഎസിലും ദാരിദ്ര്യവും തൊഴിലില്ലായ്മാ നിരക്കുമൊക്കെ ശക്തമായി പിടി മുറുക്കുകയാണിപ്പോള്‍. ലോകമെമ്പാടും ഏതാണ്ട് ഇതൊക്കെ തന്നെയാണ് സ്ഥിതി. യൂറോപ്യന്‍ രാജ്യങ്ങളെയെല്ലാം സാമ്പത്തിക വളര്‍ച്ചാ മുരടിപ്പ് ബാധിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ കൊറോണ പ്രതിസന്ധി ഇരട്ട പ്രഹരവുമായി. എന്നാല്‍ അമേരിയ്ക്കയില്‍ നിന്നുള്ള സൂചനകള്‍ അത്ര പോലും സുഖകരമല്ല.
2020-ന്റെ അവസാന ആറു മാസത്തിനുള്ളില്‍ 80 ലക്ഷത്തിലധികം അമേരിക്കക്കാര്‍ ദാരിദ്ര്യത്തിലായി.ദാരിദ്ര്യ നിരക്ക് 1960-കള്‍ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 2.4 ശതമാനം ആണ് ഈ കാലയളവില്‍ പോയിന്റ് അടിസ്ഥാനത്തില്‍ ദാരിദ്ര്യ നിരക്ക് ഉയര്‍ന്നിരിയ്ക്കുന്നത്. ഇരട്ടിയിലേറെയാണ് ദാരിദ്ര്യനിരക്കിലെ വര്‍ധനവ് എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വികസ്വര രാജ്യങ്ങളില്‍ എന്നതു പോലെ അമേരിക്കയിലും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വം വര്‍ധിയ്ക്കുകയാണ്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിയ്ക്കുമ്പോള്‍ കഴിഞ്ഞ മാര്‍ച്ച് പകുതിയോടെ 1.1 ലക്ഷം കോടി ഡോളറാണ് അമേരിയ്ക്കന്‍ ശതകോടീശ്വരന്‍മാര്‍ കൈക്കലാക്കിയത്. കൊവിഡില്‍ അമേരിയ്ക്ക നട്ടം തിരിയുമ്പോള്‍ 40 ശതമാനത്തോളമായിരുന്നു ഇവരുടെ സമ്പത്തിലെ വര്‍ധന
50 വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന ദാരിദ്ര്യ നിരക്കാണ് ഇപ്പോള്‍ യുഎസില്‍.ലോകത്തിലെ ഏറ്റവും ദരിദ്രരായവര്‍ക്ക് കൊവിഡ് മൂലമുള്ള നഷ്ടം നികത്താന്‍ ഒരു ദശകത്തിലധികം സമയമെടുക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ലോകത്തിലെ മികച്ച 1,000 ശതകോടീശ്വരന്മാര്‍ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പ്രതിസന്ധിയും അതിജീവിച്ചു.കൊവിഡ് കാലത്ത് അമേരിയ്ക്കയില്‍ ഏറ്റവുമധികം സമ്പത്തുണ്ടാക്കിയത് ടെസ്‌ല സ്ഥാകന്‍ എലന്‍ മസ്‌ക്കാണ്. 15.5 കോടി ഡോളറിലേറെയാണ് നേടിയത്. രണ്ടാം സ്ഥാനത്ത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. 6.8 കോടി ഡോളറിലേറെ ഇദ്ദേഹവും നേടി.