ഫ്ളിപ്കാര്‍ട്ടിന് ഇഡിയുടെ നോട്ടീസ്.
പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ടിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
വിദേശ വിനിമയ ചട്ടം(ഫെമ) ലംഘച്ചെന്നാരോപിച്ചാണ് നോട്ടീസ് അയച്ചത്. ഫ്ളിപ്കാര്‍ട്ടിന്റെ സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും എന്നിവരുടെള്‍പ്പെടെ 10 സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
2009നും 2015 നും ഇടയില്‍ ഫ്ളിപ്കാര്‍ട്ടും സിംഗപൂരിലെ സ്ഥാപനവും ഉള്‍പ്പടെയുള്ളവ നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് നിയമ ലംഘനം നടന്നിട്ടുള്ളതെന്നാണ് ആരോപണം. വിദേശ വിനിമയ മാനേജുമെന്റ് നിയമത്തിന്റെ വിധിനിര്‍ണയ അതോറിറ്റി ജൂലായില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി കുറ്റം ചുമത്തിയിട്ടുള്ളത്.
ഇഡിയുടെ നോട്ടീസ് ലഭിച്ചുവെന്നും കാര്യങ്ങള്‍ വിശദമായി വിലയിരുത്തിവരികയാണെന്ന് ഫ്ളിപ്കാര്‍ട്ട് അധികൃതര്‍ അറിയിച്ചു. 2012ലാണ് ഇതുസംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്.