സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ ആക്രമണ ശ്രമം. രാജ്യത്ത് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ മൂന്ന് ആളില്ലാ വിമാനങ്ങള്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തകര്‍ത്തു. ദക്ഷിണ സൗദിയിലെ നഗരങ്ങളില്‍ ആക്രമണം നടത്താനായി സ്‌ഫോടക വസ്തുക്കള്‍ നിറച്ചവയായിരുന്നു ഈ ആളില്ലാ വിമാനങ്ങള്‍.
യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്നാണ് ഹൂതികള്‍ ആക്രമണം നടത്താനായി ഡ്രോണുകള്‍ അയച്ചതെന്ന് അറബ് സഖ്യസേന ട്വീറ്റ് ചെയ്തു. ആക്രമണ കേന്ദ്രത്തില്‍ തിരിച്ചടി നല്‍കാനായി കൂടുതല്‍ വിവരങ്ങള്‍ രഹസ്യാന്വേഷക സംഘം ശേഖരിക്കുകയാണെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. സന്‍ആ വിമാനത്താവളം തങ്ങള്‍ക്ക് നേരെ ആക്രമണം നടത്താനുള്ള കേന്ദ്രമായി ഹൂതികള്‍ ഉപയോഗിക്കുന്നുവെന്ന് സൗദി അറേബ്യ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
അതേസമയം സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. യുഎഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ സൗദി അറേബ്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് പ്രസ്താവന പുറത്തിറക്കി.