ചര്‍ണോബില്‍: ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെര്‍ണോബില്‍ ആണവനിലയം പിടിച്ചടക്കി റഷ്യ. റഷ്യന്‍ സൈന്യം ആണവനിലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ആണവനിലയത്തിന്റെ അധികൃതരെയും അവിടത്തെ ഉദ്യോഗസ്ഥരെയും റഷ്യന്‍ സൈന്യം ബന്ദികളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലോകത്തെ ഏറ്റവും വലിയ റേഡിയോ ആക്ടീവ് മേഖല കൂടിയാണ് ചെര്‍ണോബില്‍. ലോകത്തെ നടുക്കിയ ആണവദുരന്തം നടന്നയിടം.
റഷ്യന്‍ സൈന്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം കീവ് ആക്രമിച്ച് കീഴടക്കുകയെന്നതാണ്. അതിനാല്‍ത്തന്നെ ബെലാറസില്‍ അതിര്‍ത്തിയില്‍ തയ്യാറായി നില്‍ക്കുന്ന റഷ്യന്‍ സൈന്യത്തിന് കീവിലേക്കുള്ള വഴി സുഗമമാക്കാന്‍ ചെര്‍ണോബില്‍ പിടിച്ചേ തീരൂ. അതല്ലാതെ ചെര്‍ണോബിലിന് സൈനികപരമായി യാതൊരു പ്രത്യേകതയുമുണ്ടായിട്ടല്ല റഷ്യ ആണവനിലയത്തെ ലക്ഷ്യമിടുന്നതെന്ന് മുന്‍ യുഎസ് ആര്‍മി സ്റ്റാഫ് ചീഫ് ജാക്ക് കീന്‍ നിരീക്ഷിക്കുന്നു. ചെര്‍ണോബില്‍ റഷ്യ പിടിച്ചെന്ന് ഇതുവരെ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുക്രൈന്‍ ഇക്കാര്യം ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് വെറും 108 കിലോമീറ്റര്‍ മാത്രമാണ് ചെര്‍ണോബിലിലേക്കുള്ളത്.