ആമസോണ്‍ പ്രൈം ഡേ വില്‍പന ഈ മാസം; ഇന്ത്യയെ ഒഴിവാക്കി, കാരണമിതാണ്
ദില്ലി: ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ പ്രൈം ഡേ വില്‍പനയുമായി എത്തുന്നു. ജൂണ്‍ 21, 22 ദിവസങ്ങളിലാണ് ആമസോണിന്റെ പ്രൈം ഡേ സെയില്‍ നടക്കുക. കൊവിഡിനിടെ ചെറുകിട ബിസിനസ് വ്യാപാരികളെ പിന്തുണയ്ക്കുന്നതിനായാണ് പ്രൈം ഡേ നടത്താന്‍ തീരുമാനിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സാധാരണ ജൂലൈയിലാണ് ആമസോണ്‍ പ്രൈം ഡേ നടത്താറുള്ളത്.
എന്നാല്‍ അടുത്ത മാസം ഒളിമ്പിക്‌സ് ആരംഭിക്കുന്നതിലാണ് ഇത്തവണത്തെ പ്രൈം ഡേ സെയില്‍ ഒരുമാസം നേരത്തെ ആക്കിയത്. ഇതുകൂടാതെ തിരഞ്ഞെടുത്ത 20 രാജ്യങ്ങളില്‍ മാത്രമാണ് ഈ രണ്ട് ദിവസങ്ങളില്‍ വമ്പിച്ച ഓഫറോടുകൂടിയ വില്‍പന നടത്തുക. യുഎസ്, യുകെ, യുഎഇ, തുര്‍ക്കി, സ്‌പെയിന്‍, സിംഗപ്പൂര്‍, സൗദി അറേബ്യ, പോര്‍ച്ചുഗല്‍, നെതര്‍ലാന്റ്‌സ്, മെക്‌സിക്കോ, ലക്‌സംബര്‍ഗ്, ജപ്പാന്‍, ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ്, ചൈന, ബ്രസീല്‍, ബെല്‍ജിയം, ഓസ്ട്രിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കായി ഫാഷന്‍, ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങള്‍, ഗാര്‍ഹിക ഉത്പന്നങ്ങള്‍, ഓട്ടോമോട്ടീവ് തുടങ്ങി വിഭാഗങ്ങളില്‍ വന്‍ ഓഫര്‍ ലഭ്യമാക്കും. പ്രൈം ഡേയില്‍ വില്‍പ്പനക്കാര്‍ ഒരു കോടിയിലധികം ഡീലുകളും കൊണ്ടുവരും. അതേസമയം ഇന്ത്യ, കാനഡ എന്നീ രാജ്യങ്ങളെ പ്രൈം ഡേ സെയിലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകളാണ് ഇതിന് കാരണം. പകര്‍ച്ചവ്യാധി കാരണം ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷവും പ്രൈം ഡേ നീട്ടിയിരുന്നു. ഒക്ടോബറിലായിരുന്നു പ്രൈം ഡേ നടത്തിയത്.
2015ല്‍ ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ജനപ്രിയമാക്കിയ സിംഗിള്‍സ് ഡേയ്ക്ക് സമാനമായാണ് ആമസോണ്‍ പ്രൈം ഡേ സെയില്‍ ആരംഭിച്ചത്. പ്രതിവര്‍ഷം 8,697 രൂപ അടച്ച് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാം. വന്‍ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങിക്കാനും വേഗത്തില്‍ വീട്ടിലെത്തിക്കാനും ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് വഴി സാധിക്കും. പ്രൈം ഡേ വില്‍പനയെ തകര്‍ക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വാള്‍മാര്‍ട്ട്, ബെസ്റ്റ് ബൈ, ടാര്‍ഗെറ്റ്, മറ്റ് റീട്ടെയിലര്‍മാര്‍ എന്നിവര്‍ വന്‍ ഡിസ്‌കൗണ്ട് വില്‍പനയുമായി എത്തിയിരുന്നു.