കോഴിക്കോട്: ഹൃദയം തന്ന് ജീവന്റെ തുടിപ്പുകള്‍ തിരിച്ചു തന്നവര്‍ക്കും അതിനു നിമിത്തമായ ഡോക്ടര്‍മാര്‍ക്കും അവള്‍ നന്ദിപറഞ്ഞു. മാറ്റി വച്ച ഹൃദയവുമായി ജീവന്റെ പുതു നാമ്പുകളിലേറി വിജയം കൊയ്യുന്ന അവളെ അവര്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയിലര്‍ ആന്റ് ട്രാന്‍സ്പ്ലാന്റേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് അങ്ങിനെ കരളലിയിപ്പിക്കുന്നതും വേറിട്ടതുമായി.
2018ലാണ് ഫിനു ഷെറിന്‍ മെട്രോ മെഡില്‍ ഹൃദയം മാറ്റി വയക്ക്ല്‍ ശത്രക്രിയക്ക് വിധേയയാകുന്നത്. അവള്‍ക്കന്ന് വയ്‌സ് 14. പഠനം ഒമ്പതാം ക്ലാസില്‍. പുതു ഹൃദയവുമായി ജീവിതത്തിലേക്കു ചുവടുവച്ച അവള്‍ പകയ്ക്കാതെ സധൈര്യം മുന്നോട്ടു നീങ്ങി. എസ്എസ്എല്‍സിയും പ്ലസ്ടുവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. ഡോക്ടറാവണം, അതും വെറും ഡോക്ടറല്ല, കാര്‍ഡിയോളജിസ്റ്റ്. അതു വഴി താളം തെറ്റിയ ഹൃദയവുമായെത്തുന്നവരെ ജീവിതത്തിലേക്കു കൈ പിടിക്കണം. അതാണവളുടെ ആഗ്രഹം. അതിനായി നീറ്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണവളിപ്പോള്‍.
ആ ഇച്ഛാശക്തിയെയും നന്മയെയുമാണ് സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയിലര്‍ ആന്റ് ട്രാന്‍സ്പ്ലാന്റേഷന്റെ ആഭിമുഖ്യത്തില്‍ പ്രകീര്‍ത്തിച്ചത്. തുടര്‍ പഠനത്തിനായുള്ള 50,000 രൂപയുടെ ധനസഹായവും ഉപഹാരവും ചടങ്ങില്‍ കേരള ഹാര്‍ട്ട് ഫെയിലര്‍ &ട്രാന്‍സ്പ്ലാന്റ് സൊസൈറ്റി പ്രസിഡന്റും,മെട്രോ ആശുപത്രിയിലെ തൊറാസിക് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് മേധാവിയുമായ ഡോ വി.നന്ദകുമാര്‍ സമ്മാനിച്ചു. ഫിനുവിന്റെ ഈ ജീവിത വിജയങ്ങള്‍ കേരളത്തിന്റെ ആരോഗ്യമേഖലയുടെയും കൂടെവിജയമാണ്. ഫിനു ഓരു കാര്‍ഡിയാക് സര്‍ജനായെത്തിയാല്‍ അത് ലോകത്തിലെ പുതു ചരിത്രമാകുമെന്നും ഡോ. നന്ദകുമാര്‍ പറഞ്ഞു.
ഹാര്‍ട്ട് ട്രാന്‍സ്പ്ലന്റിന് വിധേയമാകുന്ന ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ സാധാരണ മനുഷ്യര്‍ക്ക് എത്താന്‍ കഴിയുന്ന എല്ലാ ഉയരങ്ങളിലേക്കും എത്തിപ്പെടാന്‍ സാധിക്കുംഎന്നതിനുള്ള ഉത്തമ ഉദാഹരണവും മാതൃകയുമാണ് ഈ വിദ്യാര്‍ത്ഥി എന്ന്അനുമോദന പ്രസംഗത്തില്‍ മെട്രോ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ പി പി മുഹമ്മദ് മുസ്തഫ പറഞ്ഞു.
കോഴിക്കോട് മെട്രോ മെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ വച്ചു നടന്നചടങ്ങില്‍ കേരള ഹാര്‍ട്ട് ഫൈലര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് സൊസൈറ്റി സെക്ട്രറി ഡോജാബിര്‍ അബ്ദുല്ലകുട്ടി സ്വാഗതം പറഞ്ഞു, മെട്രോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍,ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ മറ്റു രോഗികളും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു.