രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്റ്റില്‍; ഒക്ടോബറില്‍ സ്ഥിതി രൂക്ഷമാകും
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെയെന്ന് വിദഗ്ധരുടെ പ്രവചനം. അതേസമയം രോഗവ്യാപനം രണ്ടാം തരംഗം പോലെ തീവ്രമായിരിക്കില്ലെന്നും കാണ്‍പൂരിലേയും ഹൈദരബാദിലേയും ഐഐടി ഗവേഷക സംഘം പറയുന്നു. ആഗസ്റ്റ് മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ ഉച്ചസ്ഥായിയിലെത്തുമെന്നും ഗവേഷക സംഘം ചൂണ്ടിക്കാണിക്കുന്നു. മൂന്നാം തരംഗത്തില്‍ ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ പ്രതിദിന രോഗികള്‍ ഉണ്ടായേക്കുമെന്നാണ് പ്രവചനം.
അതേസമയം നിലവില്‍ കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കേസ് വര്‍ധിക്കുന്നത് രാജ്യത്തെ മുഴുവന്‍ സാഹചര്യത്തെ ബാധിക്കുന്നതാണെന്ന് വിദഗ്ധര്‍ വിലയിരുത്തി. ഇതിനോടകം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ഈ സംസ്ഥാനങ്ങളിലെ അവസ്ഥയെ ആശ്രയിച്ചിരിക്കും മൂന്നാം തരംഗം എത്രത്തോളം രൂക്ഷമാകുകയെന്നും ഗവേഷകര്‍ പറയുന്നു. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിനും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിയന്ത്രണം ശക്തമാക്കേണ്ടതിന്റേയും ആവശ്യകത ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പുതിയ വകഭേദം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുള്ള നടപടികളും കൈക്കൊള്ളണമെന്നും പ്രവചനം സൂചിപ്പിക്കുന്നു. കൊവിഡ് കേസുകള്‍ കുറയുന്നത് കണ്ട് ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുന്നത് ആശങ്ക ഉളവാക്കുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം വരെ ആയിരുന്നു. 41,831 കൊവിഡ് കേസുകളാണ് ഞായറാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 541 പേര്‍ കൊവിഡ് ബാധിതരായി കഴിഞ്ഞ ദിവസം മരണപ്പെട്ടു. കേരളത്തില്‍ ഞായറാഴ്ച 20,728 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.