കോഴിക്കോട്: 2022 ല്‍ യാത്ര ചെയ്യാവുന്ന ലോകത്തെ 50 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും ഇടം നേടി. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് കേരളത്തെ കുറിച്ച് പ്രത്യേകമായി പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളമെന്നും ബീച്ചുകളും കായലും മലനിരകളും കേരളത്തിന്റെ ആകര്‍ഷണമാണെന്നും ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ കാരവന്‍ ടൂറിസവും വാഗമണ്ണിലെ കാരവന്‍ പാര്‍ക്കും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
ടൈം മാഗസിന്റെ ഈ റിപ്പോര്‍ട്ട് കേരള വിനോദ സഞ്ചാര വകുപ്പിന് ലഭിച്ച അംഗീകാരമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തിലെ തന്നെ 50 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടത് വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ ഉണര്‍വ്വേകും.
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കോവിഡ് പ്രതിസന്ധികള്‍ കാരണം തകര്‍ന്നു കിടക്കുകയായിരുന്നു വിനോദ സഞ്ചാര മേഖല. കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിനോദ സഞ്ചാര മേഖലയെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ചുമതലയേറ്റ ശേഷം നടത്തിയത്.
ബയോ ബബിള്‍ സംവിധാനം, ഇന്‍ കാര്‍ ഡൈനിംഗ്, കാരവന്‍ ടൂറിസം എന്നിങ്ങനെ നൂതനമായ ആശങ്ങള്‍ നടപ്പിലാക്കിയും പ്രത്യേകമായി പ്രചരണം നല്‍കിയും കേരളത്തിന്റെ ടൂറിസം മേഖല പതിയെ വളര്‍ച്ച കൈവരിച്ചു തുടങ്ങി. 2022 ലെ ആദ്യ പാദ കണക്കുകള്‍ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തത് കേരള ടൂറിസത്തിന് വലിയ ഉണര്‍വ്വായെന്നും മന്ത്രി റിയാസ് പറഞ്ഞു.