ആഗോളവിപണിയില്‍ വില കുത്തനെ ഇടിഞ്ഞു; രാജ്യത്തെ ഇന്ധനവിലയില്‍ അനക്കമില്ല
ദില്ലി: രാജ്യാന്തര എണ്ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്നലെ ആഗോളവിപണിയില്‍ എണ്ണവില 0.51 ശതമാനത്തോളമാണ് ഇടിഞ്ഞത്. എന്നിട്ടും പ്രാദേശിക വിപണികളില്‍ എണ്ണക്കമ്പനികള്‍ വില കറുയ്ക്കാതെ അടവെടുക്കുകയാണ്. ഇളവുകള്‍ പരമാവധി വൈകിക്കാനുള്ള സമ്മര്‍ദതന്ത്രമാണു കമ്പനികള്‍ പയറ്റുന്നതെന്നാണ് ആക്ഷേപം. 15 ദിവസത്തെ രാജ്യാന്തര എണ്ണവിലയുടെ ശരാശരി കണക്കാക്കിയാണ് പ്രാദേശിക ഇന്ധനവില നിര്‍ണിയിക്കുന്നതെന്ന കമ്പനികളുടെ വാദം ഇതോടകം പൊളിഞ്ഞുകഴിഞ്ഞു. സര്‍ക്കാര്‍ ഇളവുകള്‍ക്കു ശേഷം ഇതുവരെ കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം സര്‍ക്കാര്‍ ഇളവുകള്‍ക്കു ശേഷം രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞിട്ടുണ്ട്. ഡോളര്‍- രൂപ വിനിമയ നിരക്കിലും നേട്ടം പ്രകടമാണ്. ഇളവുകള്‍ ഒരു ദിവസം വൈകിച്ചാല്‍ പോലും കമ്പനികളുടെ ലാഭം കോടികളാണ്.
യൂറോപ് മേഖലയില്‍ കോവിഡ് രൂക്ഷമായതോടെ ഇന്ധന ആവശ്യകത കുറഞ്ഞിരുന്നു. ഇതോടെയാണു മാസങ്ങള്‍ക്കുശേഷം രാജ്യാന്തര എണ്ണവില 80 ഡോളറില്‍ താഴെയെത്തിയത്. എണ്ണവില താഴ്ത്താന്‍ യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ നടപടികള്‍ ആരംഭിച്ചതും വിപണികളില്‍ പ്രതിഫലിച്ചു. ഈ മാസം ആദ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ജനവികാരം കണക്കിലെടുത്ത് നികുതി കുറച്ചത്. ഈ മാസം ആദ്യം 86 ഡോളറിന് അടുത്തായിരുന്ന രാജ്യാന്തര എണ്ണവില ഇന്നലെ നിലവില്‍ 80ല്‍ താഴെയാണ്. 15 ദിവസത്തിനിടെ രാജ്യാന്തര എണ്ണവിലയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 106.36 രൂപയാണ് വില. ഒരു ലിറ്റര്‍ ഡീസലിന് 93.47 രൂപയും.