കോഴിക്കോട്: മലബാര്‍ മില്‍മ 2025-26 സാമ്പത്തക വര്‍ഷത്തില്‍ ക്ഷീര കര്‍ഷകര്‍ക്കായി 29 കോടിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. അവശതയനുഭവിക്കുന്ന ക്ഷീര കര്‍ഷകരുടെ കണ്ണീരൊപ്പുന്നതുള്‍പ്പെടെ ഒട്ടേറെ പുതിയ പദ്ധതികളാണ് ഈ വര്‍ഷം പ്രഖ്യാപിച്ചത്. 'സ്വായന്തനം' പദ്ധതി പ്രകാരം 70 വയസ്സിന് മുകളില്‍ പ്രായമുള്ള ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉടമകളായ ക്ഷീര കര്‍ഷകര്‍ക്ക് മെഡിക്കല്‍ അലവന്‍സായി പ്രതിവര്‍ഷം 4000 രൂപ വീതം നല്‍കും. ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന ക്ഷീര കര്‍ഷകയ്ക്ക് 'ആര്‍ദ്രം' പദ്ധതി പ്രകാരം 10,000 രൂപയും ക്ഷീര കര്‍ഷകരുടെ പ്രസവ ശിശ്രൂഷയ്ക്ക് 'ജനനി' പദ്ധതി പ്രകാരം 5000 രൂപയും ലഭിക്കും. രോഗ പീഢയില്‍ ദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങാവുന്നതാണ് 'ക്ഷീര സമാശ്വാസം' പദ്ധതി. പദ്ധതി പ്രകാരം ക്യാന്‍സര്‍ രോഗികളായ ക്ഷീര കര്‍ഷകര്‍ക്ക് 25,000 രൂപയും മറ്റ് മാരക രോഗങ്ങള്‍ക്ക് 20000 രൂപയും ധനസഹായമായി ലഭിക്കും. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന മക്കളുള്ള ക്ഷീര കര്‍ഷകര്‍ക്കും ധനസഹായം ലഭിക്കും. 'പ്രത്യാശ' പദ്ധതി പ്രകാരം ഇവര്‍ക്ക് ഒറ്റത്തവണയായി 25000 രൂപയാണ് ധനസഹായമായി ലഭിക്കുക.
ക്ഷീരസംഘം പ്രസിഡണ്ടുമാര്‍ക്ക് സൗജന്യ വാര്‍ഷിക ഹെല്‍ത്ത് ചെക്കപ്പ,് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പശുക്കളെ കൊണ്ടുവരുന്ന കര്‍ഷകര്‍ക്ക് വാഹന കൂലി ഇനത്തില്‍ ധനസഹായം, ക്ഷീര സംഘത്തില്‍ കിണര്‍ കുഴിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള ധനസഹായം, ക്ഷീര കര്‍ഷകര്‍ക്ക് സെക്സ് സോര്‍ട്ട് ബീജമാത്രകള്‍ ഉപയോഗിച്ച് പശുക്കളെ കുത്തിവെക്കുന്ന പദ്ധതിയില്‍ ചേരുന്നതിന് ധനസഹായം, ഓഡിറ്റ് പെന്‍ഡിങ് ഉള്ള സംഘങ്ങളില്‍ ഓഡിറ്റ് കണ്‍സള്‍ട്ടന്റിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ധനസഹായം എന്നിവയും പുതുതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയ വരുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത്.