വിമാന കമ്പനികളുടെ തീവെട്ടിക്കൊള്ളയ്ക്കു പിന്നാലെ
വിമാനത്താവങ്ങളില്‍ റാപ്പിഡ് ടെസ്റ്റിനും കൊള്ള ചാര്‍ജ്
നടുവൊടിഞ്ഞ് പ്രവാസികള്‍; സര്‍ക്കാരിന് മൗനം
കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റിന് വന്‍ തുക ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നു.3000 രൂപയാണ് റാപ്പിഡ് ടെസ്റ്റിന് ഈടാക്കുന്നത്. വിമാനത്താവളങ്ങളില്‍ ടെസ്റ്റിനായി നിയോഗിക്കപ്പെട്ട സ്വകാര്യ ലാബുകളാണ് കൊള്ളയ്ക്കു പിന്നില്‍. ഇവരുടെ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ്. കേരളത്തിനു പുറമെയുള്ള സംസ്ഥാനങ്ങലെ വിമാനത്താവളങ്ങളില്‍ 1000 രൂപയാണ് റാപ്പിഡ് ടെസ്റ്റിന് ഈടാക്കുന്നത്. കേരളത്തിലെ കൊള്ളക്കെതിരെ പ്രവാസികള്‍ക്കിടയില്‍ രോഷം ശക്തമാണ്. ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്കൊരുങ്ങുകയാണ് പ്രവാസി സംഘടനകള്‍.
യുഎഇയിലേക്കുള്‍പ്പെടെ യാത്ര ചെയ്യണമെങ്കില്‍ വിമാനത്താവളങ്ങളില്‍ നിന്ന് റാപ്പിഡ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് വന്‍ തുക ടെസ്റ്റിനു വേണ്ടി മാത്രം ചെലവാക്കേണ്ടിവരുന്നു. വിസിറ്റിംഗ് വിസയില്‍ ജോലി തേടി യുഎഇയിലേക്കും മറ്റും പോകുന്നവര്‍ ഏറെയുണ്ട്. വിനാമ ടിക്കറ്റിനുള്ള പണം ഒരു വിധം ഒപ്പിച്ചായിരിക്കും ഇവരുടെ ജോലി തേടിയുള്ള യാത്ര. ഇതിനിടയില്‍ റാപ്പിഡ് ടെസ്റ്റിനായുള്ള ഭാരിച്ച പണം കൂടി കണ്ടെത്തേണ്ട അവസ്ഥ. കോവിഡ് കാരണം നിര്‍ത്തി വച്ച വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചതോടെ വിമാന കമ്പനികള്‍ തീവെട്ടി കൊള്ള നടത്തുകയാണ്. തോന്നുന്നതു പോലെയാണ് ചാര്‍ജ്. നേരത്തെയുണ്ടായിരുന്നതിന്റെ അഞ്ചു പത്തും ഇരട്ടിയാണ് ചാര്‍ജ് ഈടാക്കുന്നത്്. ഒരേ ദിവസം തന്നെ മണിക്കൂറുകളുടെ വ്യത്യാസത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വരുന്ന വ്യത്യാസം 20,000 രൂപയിലേറെയാണ്.