തൃക്കാക്കരയില്‍ ഉമ തോമസ് വിജയിച്ചു; ഭൂരിപക്ഷം 25,016
 


തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.

2011ലാണ് തൃക്കാക്കര മണ്ഡലം രൂപീകരിക്കുന്നത്. യുഡിഎഫിനു വേണ്ടി ബെന്നി ബഹനാന്‍, എല്‍ഡിഎഫിന്റെ എം.ഇ ഹസൈനാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. സജികുമാര്‍ എന്നിവരായിരുന്നു അന്ന് മത്സരരംഗത്ത്. 73.71 ശതമാനം േപരാണ് അന്ന് വോട്ടു ചെയ്തത്. ആകെ പോള്‍ ചെയ്ത 1,59,877 വോട്ടുകളില്‍ 68,854 (55.88 ശതമാനം) നേടി ബെന്നി ബെഹനാന്‍ വിജയിച്ചു. എം.ഇ. ഹസൈനാറിന് 43,448 (36 ശതമാനം) വോട്ടും എന്‍ സജി കുമാറിന് 5935 വോട്ടും (5.04 ശതമാനം) ലഭിച്ചു. ഈ തെരഞ്ഞെടുപ്പിലാണ് ബഹനാന്‍ 22,406 വോട്ടുകള്‍ക്ക് വിജയിക്കുന്നത്.

2016 ല്‍ ഈ സീറ്റില്‍ ബഹനാന് പകരം മത്സരിച്ചത് പി.ടി.തോമസായിരുന്നു. 1,35,304 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 61,268 എണ്ണം (45.42 ശതമാനം) നേടി പി.ടി.തോമസ് സീറ്റ് നിലനിര്‍ത്തി. മുന്‍ എം.പി കൂടിയായ സെബാസ്റ്റ്യന്‍ പോളിനെയായിരുന്നു അന്ന് ഇടതുപക്ഷം കളത്തിലിറക്കിയത്. എന്നാല്‍ 49,455 വോട്ടു (36.55 ശതമാനം) മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. അതേസമയം, ബിജെപി ശക്തമായ പോരാട്ടം കാഴ്ചവച്ചതും ഈ തിരഞ്ഞെടുപ്പിലാണ്. എന്‍ഡിഎയുടെ എസ് സജി 21,247 (15 ശതമാനം) വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. മുന്‍ തിരഞ്ഞെടുപ്പിനേതിനേക്കാള്‍ 10.66 ശതമാനം വോട്ടുകള്‍ കൂടുകയും ചെയ്തു. 11,966 വോട്ടുകള്‍ക്കായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ പി.ടി.തോമസിന്റെ വിജയം.

2016ലെ തിരഞ്ഞെടുപ്പില്‍ രണ്ട് പ്രമുഖ മുന്നണികളുടെയും എതിരാളികള്‍ക്കു പുറമെ ട്വന്റി20 സ്ഥാനാര്‍ഥിയേയും നേരിടേണ്ടി വന്നിരുന്നു പി.ടി. തോമസിന്. കിറ്റക്സ് കമ്പനിയിലെ രാസമാലിന്യങ്ങള്‍ തന്റെ തൃക്കാക്കര മണ്ഡലത്തിന്റെ ഓരംപറ്റിയൊഴുകുന്ന കടമ്പ്രയാറിനെ മലിനീകരിക്കുന്നു എന്നാരോപിച്ചാണ് പി.ടി രംഗത്തെത്തിയത്. സ്വന്തം സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാണ് ട്വന്റി20 പ്രതികരിച്ചത്. വോട്ടു വിഹിതം കുറഞ്ഞെങ്കിലും പി.ടി തോമസിന്റെ ഭൂരിപക്ഷം പക്ഷേ കൂടി. പോള്‍ ചെയ്ത 1,36,570 (70.36 ശതമാനം) വോട്ടുകളില്‍ പി.ടി തോമസ് 59,839 എണ്ണം (43.82 ശതമാനം) നേടി. ഇടതു സ്വതന്ത്രന്‍ ഡോ. ജെ. ജേക്കബ് 45,510 വോട്ടുകളുമായി (33.32 ശതമാനം) രണ്ടാമതും എന്‍ഡിഎയുടെ എസ് സജി 15,483 വോട്ടുകളുമായി (11.34 ശതമാനം) മൂന്നാമതും എത്തി. ട്വന്റി20 സ്ഥാനാര്‍ഥി ഡോ. ടെറി തോമസ് 13,897 (10.18 ശതമാനം) വോട്ടുകള്‍ നേടിയതായിരുന്നു ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. 14,329 ആയിരുന്നു പി.ടിയുടെ ഭൂരിപക്ഷം. മണ്ഡലത്തിന്റെ ഈ ചരിത്രത്തെയെല്ലാം അപ്രസക്തമാക്കിയാണ് ഇത്തവണ ഉമ തോമസിന്റെ വിജയം.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media