കൊവിഡ്-19; ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെ നാല് പ്ലാന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു
ദില്ലി: കൊവിഡ്-19 രണ്ടാം വരവിനെ തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്തുടനീളമുള്ള നാല് പ്ലാന്റുകളിലെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. മെയ് ഒന്ന് മുതല്‍ 15 വരെ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കില്ല. ഈ കാലയളവില്‍ പ്ലാന്റുകളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ നടത്തുമെന്ന് ഹോണ്ട അറിയിച്ചു.
കൊവിഡ് പകര്‍ച്ചവ്യാധിയും മാറികൊണ്ടിരിക്കുന്ന സാഹചര്യവും വിപണിയുടെ തിരിച്ചുവരവും നോക്കി വരും മാസങ്ങളിലെ ഹോണ്ടയുടെ ഉത്പാദന പരിപാടികള്‍ അവലോകനം ചെയ്യും. ബ്രേക്ക് ദി ചെയിന്‍ കാര്യക്ഷമമാക്കുന്നതിനും ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനും ഉപഭോക്താക്കള്‍ക്ക് പരമാവധി പിന്തുണ നല്‍കാനുമായി ഹോണ്ട ഓഫീസ് ജീവനക്കാര്‍ വര്‍ക്ക്-ഫ്രം-ഹോം തുടരുമെന്നും കമ്പനി അറിയിച്ചു.
അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രമായിരിക്കും പ്ലാന്റുകളിലും രാജ്യത്തുടനീളമുള്ള വിവിധ ഓഫീസുകളിലും പ്രവര്‍ത്തിക്കുക. സാമൂഹ്യ ഉത്തരവാദിത്വമുള്ള കോര്‍പറേറ്റ് എന്ന നിലയില്‍ സുരക്ഷയ്ക്ക് വേണ്ട എല്ലാ മുന്‍കരുതലുകളും ഹോണ്ട കൈക്കൊള്ളും. കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നേരത്തെ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചിരുന്നു.
ജനങ്ങളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് ഗ്ലോബല്‍ പാര്‍ട്സ് സെന്റര്‍ (ജിപിസി) ഉള്‍പ്പെടെയുള്ള ഇന്ത്യയിലുടനീളമുള്ള എല്ലാ ഉല്‍പാദന കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കമ്പനി പ്ലാന്റുകള്‍ തുറക്കില്ല. ഉത്പാദന പ്ലാന്റുകളിലെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഈ അടച്ചുപൂട്ടല്‍ ദിനങ്ങള്‍ വിനിയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കി.