പാലക്കാട്:തിന്നക്കനാലില്‍ നിന്ന് കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ പ്രവേശിച്ച അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് കേരളത്തിലെ അരിക്കൊമ്പന്‍ പ്രേമികള്‍. രണ്ട് മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതിയില്‍ പലര്‍ക്കും ആശങ്കയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അരിക്കൊമ്പന് വേണ്ടി പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുകയാണ് ചിലര്‍. അരിക്കൊമ്പന് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടത്തിയിരിക്കുകയാണ് ഒരു ഭക്ത. ഇതാദ്യമായാണ് അഷ്ടദ്ര്യവ്യ ഗണപതിഹോമം ഒരു ആനയ്ക്ക് വേണ്ടി നടക്കുന്നത്.
പാലക്കാട് വടക്കഞ്ചേരി ഗണപതി ക്ഷേത്രത്തിലാണ് ആനപ്രേമി സംഘത്തിലെ ഒരു ഭക്ത ഈ വഴിപാട് നേര്‍ന്നത്. വടക്കഞ്ചേരി സ്വദേശിനിയും നിലവില്‍ കര്‍ണാടകയില്‍ താമസിക്കുകയും ചെയ്യുന്ന ഭക്തയാണ് വഴിപാട് നേര്‍ന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ചടങ്ങുകള്‍ ആരംഭിച്ചു. എടമല ഹര്‍ഷന്‍ തിരുമേനിയുടേയും ജിതേന്ദ്ര തിരുമേനിയുടേയും ആഭിമുഖ്യത്തിലായിരുന്നു ഹോമം. അരിക്കൊമ്പന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടിയായിരുന്നു ഗണപതിക്ഷേത്രത്തില്‍ വഴിപാട്.
ഇന്നലെ പന്തളം പുത്തന്‍കാവ് ക്ഷേത്രത്തിലും അരിക്കൊമ്പന് വേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പ്രസാദത്തിന്റേയും വഴിപാട് രസീതിന്റേയും ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് വൈറലായത്.