ദില്ലി: ലക്ഷദ്വീപ് ഭരണകൂടത്തിന് (Lakshadweep Administrator) തിരിച്ചടി. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതില്‍ മാംസാഹാരം തുടരാന്‍ സുപ്രീംകോടതിയുടെ (Supreme Court) ഇടക്കാല ഉത്തരവ്. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ ഉച്ച ഭക്ഷണ മെനുവില്‍ നിന്ന് ബിഫ് അടക്കമുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ച് പൂട്ടിയതും.
ഇതിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും ദ്വീപ് സ്വദേശിയുമായ അഡ്വ. അജ്മല്‍ അഹമ്മദാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലക്ഷദ്വീപിന്റെ തനത് ഭക്ഷണ സംസ്‌കാരം തര്‍ക്കാനും ചില രാഷ്ട്രീയ അജണ്ടയുടെയും ഭാഗമായുമാണ് ഭരണകൂട നടപടി എന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസം നീക്കിയെങ്കിലും ആവശ്യത്തിന് ഡ്രൈഫ്രൂട്‌സ്, മുട്ട അടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികളുടെ പോഷകാഹാര സംരക്ഷണം ഉദ്ദേശിച്ചാണ് ഭരണകൂടത്തിന്റെ നടപടിയെന്നുമായിരുന്നു വിശദീകരണം.