'വനിത യാത്രികയുടെ പുതപ്പില്‍ മൂത്രമൊഴിച്ചു', പാരീസ് - ദില്ലി വിമാനത്തിലും മദ്യപന്റെ പരാക്രമം
ദില്ലി: പാരീസ് - ദില്ലി വിമാനത്തിലും സഹയാത്രികയ്ക്ക് നേരെ മദ്യപന്റെ പരാക്രമം. വനിത യാത്രികയുടെ പുതപ്പില്‍ മദ്യപിച്ച് ലക്കുകെട്ട വ്യക്തി മൂത്രമൊഴിച്ചു. ഇയാള്‍ക്കെതിരെ പരാതി കിട്ടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ന്യൂയോര്‍ക്ക് - ദില്ലി വിമാനത്തില്‍ യുവതി അതിക്രമം നേരിടേണ്ടി വന്നതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സമാനമായ മറ്റൊരു പരാതി എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ദില്ലി വിമാനത്തില്‍ സഹയാത്രികക്ക് നേരെ അതിക്രമം നടത്തിയത് മുംബൈ വ്യവസായിയെന്ന് ദില്ലി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മുംബൈ സ്വദേശിയായ 50 കാരനായ ശേഖര്‍ മിശ്രയാണ് വിമാനത്തില്‍ മുതിര്‍ന്ന പൗരയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരാതിക്കാരി 72 വയസുള്ള കര്‍ണ്ണാടക സ്വദേശിയാണ്. വ്യവസായിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതടക്കം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യാന്‍ ഒരു പൊലീസ് സംഘം മുംബൈയില്‍ എത്തി. പ്രതിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന്റെ സഹായം ദില്ലി പൊലീസ് തേടിയിട്ടുണ്ട്. ശേഖര്‍ മിശ്ര ഒളിവിലാണെന്നാണ് വിവരം. ശുചിമുറിയെന്ന് തെറ്റിദ്ധരിച്ചാണ് സ്ത്രീ ഇരുന്ന സീറ്റില്‍ മൂത്രമൊഴിച്ചതെന്നാണ് വ്യവസായി എയര്‍ ഇന്ത്യയോട് പറഞ്ഞത്. നിജസ്ഥിതി കൂടുതല്‍ വ്യക്തമാകാന്‍ വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും ചോദ്യം ചെയ്യും.