കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ബീച്ച് തുറന്നു
കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ബീച്ച് തുറന്നു. നൂറ് കണക്കിനാളുകളാണ് കാഴ്ചകള്‍ കാണാനും കടലില്‍ കുളിക്കാനും ബീച്ചിലേക്കെത്തുന്നത്. മാസങ്ങള്‍ക്ക് ശേഷം കടകള്‍ തുറക്കാനായതിന്റെ ആശ്വാസത്തിലാണ് തട്ടുകടക്കാര്‍.
പുലര്‍ച്ചെ മുതല്‍ തന്നെ കോഴിക്കോട് ബീച്ചിലേക്ക് ആളുകള്‍ ഒഴുകിയെത്തി. കോഴിക്കോട്ടുകാര്‍ മാത്രമല്ല അന്യ ജില്ലക്കാരും നാട്ടുകാരും ഇളംവെയിലില്‍ ആസ്വദിച്ച് നടക്കുന്നു. കടലില്‍ കുളിക്കാനും കളിക്കാനും കുട്ടികളുടെ തിരക്ക്. ബീച്ച് തുറക്കും എന്ന പ്രഖ്യാപനത്തിനായി കാത്തിരുന്നവരായിരുന്നു എല്ലാവരും. നവീകരിച്ച ബീച്ചിലെ സെല്‍ഫി പോയിന്റുകളില്‍ തിരക്കോട് തിരക്ക്. അവധി ദിനമായതിനാല്‍ കൂടുതല്‍ പേര്‍ക്ക് ആദ്യദിനംതന്നെ എത്താനായി.
ബീച്ചിലെത്തുന്നവരെ കാത്ത് ഉപ്പിലിട്ട കുപ്പികള്‍ നിരന്ന് കഴിഞ്ഞു. മാസങ്ങളോളം വരുമാനമില്ലാതെ പ്രയാസത്തിലായിരുന്ന തട്ടുകടക്കാര്‍ക്ക് പ്രതീക്ഷയുടെ ദിനങ്ങളാണ് ഇനി കടന്നു വരുന്നത്. രാത്രി എട്ടുവരെ മാത്രമെ ബീച്ചില്‍ പ്രവേശനം അനുവദിക്കു. വരുന്നവരെല്ലാം കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പൊലീസ് കാവലുമുണ്ട്.