ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാനെയും മലയാളിയായ ശ്രേയസ് നായരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യും
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പ്രതിയായ മലയാളി ശ്രേയസ് നായരെ ആര്യന്‍ ഖാന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യും. ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍സിബി പറഞ്ഞത്. സ്ഥിരമായി ഇയാള്‍ ലഹരി മരുന്ന് എത്തിച്ച് നല്‍കിയിരുന്നു. ഇടപാടുകള്‍ക്ക് വാട്ട്‌സ് ആപ്പ് ചാറ്റില്‍ കോഡ് ഭാഷ ഉപയോഗിച്ചു. ലഹരി കടത്തുകാരനടക്കം രണ്ടുപേര്‍ കൂടി കേസില്‍ ഇന്ന് അറസ്റ്റിലായെന്നും എന്‍സിബി പറഞ്ഞു.
കേസില്‍ ആര്യന്‍ ഖാന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളെ വ്യാഴാഴ്ച വരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ആര്യനും സംഘത്തിനും അന്താരാഷ്ട്രാ ലഹരിമരുന്ന് റാക്കറ്റുമായി വരെ ബന്ധമുണ്ടെന്നാണ് എന്‍സിബി കോടതിയില്‍ പറഞ്ഞത്. ഒരാഴ്ച കൂടി ആര്യന്‍ ഖാനെയും കൂട്ടാളികളെയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്. വാട്‌സ് ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നും കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ അറസ്റ്റിലായവര്‍ക്ക് ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി അന്വേഷണ ഏജന്‍സി പറഞ്ഞു.വലിയ തോതില്‍ ലഹരി മരുന്ന് വാങ്ങിയതിനും പണമിടപാട് നടത്തിയതിനും തെളിവുണ്ട്. ചാറ്റില്‍ കോഡ് വാക്കുകളില്‍ വിശേഷിപ്പിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്നും എന്‍സിബി കോടതിയെ അറിയിച്ചു.
എന്നാല്‍ ആര്യന്റെ പക്കല്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ സതീശ് മാനേശിണ്ഡെ വാദിച്ചു. സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റില്‍ നിന്ന് വെറും 6 ഗ്രാം ചരസ് പിടിച്ചെടുത്തതിന്റെ പേരില്‍ ആര്യനെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആര്യനില്‍ നിന്നും ലഹരി വസ്തുക്കളൊന്നും പിടിച്ചെടുത്തിട്ടില്ല. ക്ഷണിതാവായി മാത്രമാണ് കപ്പല്‍ യാത്രയ്ക്ക് ആര്യനെത്തിയതെന്നും മാനേശിണ്ഡെ വാദിച്ചു.