ഒമിക്രോൺ സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും സ്ഥിരീകരിച്ചു
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ. സൗദി അറേബ്യക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. യുഎയിലേക്ക് എത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കത്തിൽ വന്നവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.അമേരിക്കയിലെ കാലിഫോർണിയയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കഴിഞ്ഞ 22ന് ആഫ്രിക്കയിൽ നിന്നുമെത്തിയ യുവവിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
ഇന്നലെ സൗദി അറേബ്യയിലും സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ ആഫ്രിക്കയിലെ ഒരു രാജ്യത്തുനിന്ന് എത്തിയ യാത്രക്കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്‌പിഎ) റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്തുനിന്ന് എത്തിയ ആളെയും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയുള്ള എസ്‌പിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം ബാധിച്ചയാളെയും സമ്പര്‍ക്കമുണ്ടായവരെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പടരാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുമിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഒമിക്രോണ്‍ ബാധിച്ച് നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.