മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി; ഇന്ന് മുതല്‍ രാത്രി എട്ട് വരെ.
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി. ഇന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സമയം നീട്ടി നല്‍കണമെന്ന ബെവ്‌കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്.
മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ കഴിഞ്ഞ ദിവസം ഹൈക്കേടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനഫലമോ വേണം. എന്നാല്‍ എന്തുകൊണ്ട് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മദ്യശാലകള്‍ക്ക് ബാധകമാക്കുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം. മദ്യശാലകളിലും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ ഫലമോ നിര്‍ബന്ധമാക്കണം. അങ്ങനെയെങ്കില്‍ മദ്യം വാങ്ങേണ്ടതിനാല്‍ പരമാവധി ആളുകള്‍ വാക്‌സിന്‍ എടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.