കുട്ടിക്ക് നഷ്ടപരിഹാരം കൊടുത്തേ തീരൂ; സര്‍ക്കാരിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം


കൊച്ചി: പിങ്ക് പൊലീസ്  കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ  വിമര്‍ശനം. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കേസ് ഇനി തിങ്കളാഴ്ചയായിരിക്കും പരിഗണിക്കുക. കുട്ടിക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ആവുമോ എന്നുള്ളത് അന്ന് സര്‍ക്കാര്‍ അറിയിക്കണം. 

ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഡിജിപി ഈ ഉദ്യോഗസ്ഥയെ ഇങ്ങനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് അവര്‍ക്ക് ദോഷ്യം ചെയ്യുമെന്നാണ് കോടതി മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയ ശേഷം കുട്ടി കരഞ്ഞില്ല എന്ന് സംസ്ഥാന ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ആരെ സംരക്ഷിക്കാന്‍ ആണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോള്‍ ആണ് കുട്ടി കരഞ്ഞത് എന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അഭിഭാഷകന്‍ എന്തിനാണ് വസ്തുതകള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ എന്ത് നടപടിയെടുത്തുവെന്നാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്. സ്ഥലം മാറ്റം ഒരു ശിക്ഷാ നടപടിയല്ല. എന്ത് കൊണ്ടാണ് അച്ചടക്ക നടപടിയെടുക്കാന്‍ മടിക്കുന്നത് എന്നാണ് കോടതിയുടെ ചോദ്യം. 

കുട്ടിക്ക് മാനസിക പിന്തുണ മാത്രമല്ല വേണ്ടത്, നീതി കിട്ടയെന്ന് കുട്ടിക്ക് തോന്നണമെന്ന് കോടതി പറഞ്ഞു. കുട്ടിയ്ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതാണ് എന്നാണ് തനിക്ക് തോന്നുന്നതെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കുട്ടിക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നാണ് കോടതി നിലപാട്. അച്ഛന്‍ അദ്ദേഹത്തിനുണ്ടായ നഷ്ടം നിയമപരമായി നേടിയെടുക്കട്ടേ, പക്ഷേ കുട്ടിക്കുള്ള നഷ്ടപരിഹാരം കൊടുത്തേ മതിയാവൂ. നമ്പി നാരായണന് കൊടുത്തത് പോലെ നഷ്ടപരിഹാരം കൊടുക്കണമെന്നും അത് എത്ര എന്നുള്ളത് പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കോടതിയില്‍ ഹാജരായിരുന്നു. ഇപ്പോള്‍ കുട്ടിയുടെ മാനസിക ആരോഗ്യത്തില്‍ പ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍ കോടതിയെ അറിയിച്ചത്. 

പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പ് അംഗീകരിക്കുന്നോ എന്ന് കുട്ടിയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു, എന്നാല്‍ ഈ മാപ്പ് അംഗീകരിക്കുന്നില്ലെന്നാണ് അഭിഭാഷക കോടതിയെ അറിയിച്ചത്. കുട്ടി അനുഭവിച്ച മാനസിക പീഡനം വലുതാണെന്നും അധികൃതരില്‍ നിന്നും നീതി കിട്ടിയില്ലെന്നുമാണ്  അഭിഭാഷകയുടെ വിശദീകരണം. പൊലീസ് അവരുടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും, ഉദ്യോഗസ്ഥയെ രക്ഷിക്കാന്‍ ആണ് ശ്രമം നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. നിരവിധി വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുക്കാവുന്നതാണെന്നും ഇത് ചെയ്തില്ലെന്നുമാണ് പരാതി. 


ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടി. 

എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ  എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളര്‍ത്തി. സംഭവത്തില്‍ ബാലാവകാശകമ്മീഷന്‍ ഉടന്‍ ഇടപെട്ടു. പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ഡിവൈഎസ്പി നല്‍കിയത്. തുടര്‍ന്ന് ജയചന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. 

ഓഗസ്റ്റ് 31ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പൊലീസ് റിപ്പോര്‍ട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവര്‍ത്തിച്ചു. നീതി നേടി എസ്എസി എസ്ടി കമ്മീഷനെയും ജയചന്ദ്രന്‍ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥക്കെതിരെ സ്ഥലം മാറ്റത്തിന് അപ്പുറമുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രജിത എന്ന പൊലീസ് ഉദ്യോഗസ്ഥ ഇപ്പോഴും കൊല്ലം സിറ്റിയില്‍ ജോലി ചെയ്യുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media