രാജ്യത്ത് 73 ശതമാനം ചെറുകിട സംരഭങ്ങളും കോവിഡ് മൂലം പ്രതിസന്ധിയിൽ
കോവിഡ് 19 സാമ്പത്തിക മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് കാര്യമായി ബാധിച്ചത് ചെറുകിട സംരഭകരെയാണ്. വലിയ മുതൽമുടക്കോ മൂലധനമോ ഇല്ലാതെ ആരംഭിച്ച ചെറുകിട സംരഭങ്ങൾ കോവിഡ് കാലത്ത് ലാഭമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു.
രാജ്യത്തെ 73 ശതമാനം ചെറുകിട സംരഭങ്ങൾക്കും 2020-2021 സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാക്കാനായില്ലെന്നാണ് റിപ്പോർട്ട്. വ്യാപാര-വ്യവസായ സംഘടനകളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ്(സിഐഎ) നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത സംരംഭകരില്‍ 80 ശതമാനം പേരും ഭാവി സുരക്ഷിതമല്ലെന്ന് കരുതുന്നവരാണ്. റീറ്റെയ്ല്‍, ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ഓട്ടോമൊബീല്‍, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി എല്ലാ മേഖലകളിലെയും ചെറു സംരംഭങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തിൽ മൊറട്ടോറിയം, മൂലധനം കണ്ടെത്തുന്നതിനുള്ള പിന്തുണ, ജിഎസ്ടി, പിഎഫ്, ഇഎസ്‌ഐ തുടങ്ങിയവ അടയ്ക്കുന്നതിനുള്ള സാവകാശം എന്നിവ വേണമെന്നാണ് സംരംഭകരുടെ ആവശ്യം. സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ച ആശ്വാസ നടപടികള്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഗുണകരമായില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.