ഓഹരി വിപണിയിൽ വൻ കുതിപ്പ് , സെന്‍സെക്‌സ് 976 പോയിന്റ് കയറി
വിപണി വാരാന്ത്യമായ ഇന്ന് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) മികച്ച മാര്‍ച്ച് പാദഫലം പുറത്തുവിട്ട സാഹചര്യത്തിലാണ് സെന്‍സെക്‌സും നിഫ്റ്റിയും കുതിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദം എസ്ബിഐയുടെ അറ്റാദായം 80 ശതമാനത്തിലേറെ വര്‍ധിച്ച് 6,451 കോടി രൂപ രേഖപ്പെടുത്തി. ബാധ്യതകള്‍ ഗണ്യമായി കുറഞ്ഞതും ആസ്തി നിലവാരം ഉയര്‍ന്നതും എസ്ബിഐയുടെ കുതിപ്പിന് കരുത്തുപകരുന്നുണ്ട്.
എസ്ബിഐക്കൊപ്പം മറ്റു സാമ്പത്തിക ഓഹരികളും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ സെന്‍സെക്‌സ് 976 പോയിന്റ് ഉയര്‍ന്ന് 50,540 എന്ന നിലയില്‍ ദിനം പിന്നിട്ടു (1.9 ശതമാനം നേട്ടം). എന്‍എസ്ഇയില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 269 പോയിന്റ് വര്‍ധിച്ച് 15,175 എന്ന നിലയിലും ഇടപാടുകള്‍ മതിയാക്കി. സെന്‍സെക്‌സില്‍ എസ്ബിഐയാണ് ഇന്ന് ഗൗരവമായി തിളങ്ങിയത്. എസ്ബിഐ ഓഹരികളില്‍ 5 ശതമാനം മുന്നേറ്റം ഇന്ന് ദൃശ്യമായി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് ഓഹരികളും 3 മുതല്‍ 4.5 ശതമാനം വരെ നേട്ടം കുറിച്ചു. മേല്‍പ്പറഞ്ഞ ഓഹരികള്‍ സംയുക്തമായി ഏകദേശം 680 പോയിന്റാണ് സെന്‍സെക്‌സില്‍ അധികം സംഭാവന ചെയ്തത്.
ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസും പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഇന്ന് സെന്‍സെക്‌സില്‍ ഏറ്റവും പിന്നില്‍പ്പോയി. ഐഷര്‍ മോട്ടോര്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഗ്രാസിം, എസ്ബിഐ ലൈഫ് ഓഹരികളാണ് നിഫ്റ്റിയില്‍ കാര്യമായ നഷ്ടം ഏറ്റുവാങ്ങിയത്. ഇവരില്‍ 0.3 ശതമാനം വരെ തകര്‍ച്ച കണ്ടു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ പരിശോധിച്ചാല്‍ സാമ്പത്തിക സൂചികകളാണ് വെള്ളിയാഴ്ച്ച കളം വാണത്. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖലാ ബാങ്ക്, സാമ്പത്തികകാര്യം എന്നീ സൂചികകള്‍ 3 മുതല്‍ 3.5 ശതമാനം വരെ നേട്ടം കൈപ്പിടിയിലാക്കി. മറ്റു സൂചികകള്‍ 1 ശതമാനം വരെ നേട്ടത്തിലാണ് ദിനം പൂര്‍ത്തിയാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ് 0.8 ശതമാനവും സ്‌മോള്‍ക്യാപ് 0.65 ശതമാനവും നേട്ടത്തിലാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്.