ജീവന്‍രക്ഷാ മരുന്നുകളുമായി ഇനി പോലീസ് വീട്ടിലെത്തും


തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവര്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ. ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലവിട്ടുളള യാത്രകള്‍ക്ക് നിയന്ത്രണം വന്നതിനെത്തുടര്‍ന്നാണ് മരുന്ന് വിതരണത്തിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്. ജീവന്‍രക്ഷാമരുന്നുകള്‍ എത്തിക്കുന്നതിന് മാത്രമാണ് ഈ സംവിധാനമെന്നും സാധാരണമരുന്നുകള്‍ ഈ മാര്‍ഗ്ഗത്തിലൂടെ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തി. ഹൈവേ പട്രോള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് മരുന്ന് എത്തിക്കുന്നത്. സംവിധാനത്തിന്റെ നടത്തിപ്പിന് ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിതാ അത്തല്ലൂരിയെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയോഗിച്ചു. പോലീസ് ആസ്ഥാനത്തെ ഹൈവേ അലര്‍ട്ട് സെല്ലാണ് മരുന്നുകളുടെ നീക്കം നിരീക്ഷിക്കുന്നത്.

ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും പോലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ചശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.

തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ്, കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകള്‍ മരുന്നുകള്‍ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നല്‍കേണ്ട ചുമതല അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ്. മരുന്നുകള്‍ മാറിപ്പോകാതിരിക്കാനും കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കാനും അതീവശ്രദ്ധ പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media