വനഭൂമിയാക്കാന്‍ നോട്ടിഫിക്കേഷന്‍ കഴിഞ്ഞ ഭാഗത്ത്
പൊലീസ് സ്റ്റേഷന്‍ നിര്‍മ്മാണം ; തടഞ്ഞ് വനംവകുപ്പ്
ഇടുക്കി: മുല്ലപ്പെരിയാര്‍ സ്റ്റേഷന് വേണ്ടിയുള്ള കെട്ടിടംപണി തടഞ്ഞ് വനംവകുപ്പ് . ഇടുക്കി സത്രത്തിന് സമീപമാണ് സംഭവം. വനഭൂമിയാക്കന്‍ ആദ്യഘട്ട നോട്ടിഫിക്കേഷന്‍ കഴിഞ്ഞ ഭാഗത്തായിരുന്നു പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷന് വേണ്ടി വണ്ടിപ്പെരിയാര്‍ സത്രത്തിന് സമീപം അരയേക്കര്‍ സ്ഥലം 2019 ല്‍ ജില്ലാ കളക്ടര്‍ അനുവദിച്ചിരുന്നു. സ്റ്റേഷന്‍ പണിയാന്‍ ഒന്നേകാല്‍ കോടി രൂപയും അനുവദിച്ചു.
എന്നാല്‍ സ്ഥലം അനുവദിച്ചത് സത്രം റിസര്‍വ് ഫോറസ്റ്റായി 2017 ല്‍ അദ്യഘട്ട നോട്ടിഫിക്കേഷന്‍ ഇറക്കിയ സ്ഥലത്താണ്. പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന് ഇവിടുള്ള 167 ഹെക്ടര്‍ സ്ഥലമാണ് വനഭൂമിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്ഥലം അനുവദിച്ച് ഉത്തരവ് ഇറക്കിയപ്പോള്‍ വനം വകുപ്പ് എതിര്‍പ്പ് അറിയിച്ച് കത്ത് നല്‍കി. തുടര്‍ന്ന് സെറ്റില്‍മെന്റ് ഓഫീസറായ ഇടുക്കി ആര്‍ഡിഒയെ ഇരു വിഭാഗത്തെയും ഹിയറിംഗ് നടത്തി തീരുമാനം എടുക്കാന്‍ നിയോഗിച്ചു. തീരുമാനം വൈകിയതോടെ അനുദവിച്ച സ്ഥലത്ത് പണി തുടങ്ങാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.
കഴിഞ്ഞ ദിവസം പണികള്‍ തുടങ്ങിയപ്പോള്‍ വനം വകുപ്പ് എത്തി തടഞ്ഞു. ഇതേത്തുടര്‍ന്ന് വനഭൂമി സംബന്ധിച്ച രേഖകള്‍ പൊലീസ് വനം വകുപ്പിനോട് ആവശ്യപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞിട്ടും രേഖകള്‍ കൈമാറിയില്ല. തുടര്‍ന്ന് ഇന്നലെ പണികള്‍ നടത്താന്‍ മണ്ണുമാന്തി യന്ത്രവുമായി പൊലീസെത്തി. കോട്ടയം ഡിഎഫ്ഒ പണി നിര്‍ത്തി വയ്ക്കാന്‍ ഇടുക്കി എസ്പിയോട് അവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പണികള്‍ നിര്‍ത്തി വച്ചു. നോട്ടിഫിക്കേഷന്‍ നിലനിഷക്കുന്നതിനാല്‍ പണികള്‍ നടത്താനാകില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. രണ്ടു വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതിനാല്‍ ഇത് പരിഹരിച്ച ശേഷമേ പണികള്‍ ആരംഭിക്കുകയുള്ളുവെന്ന് ഇടുക്കി എസ് പി ആര്‍ കറുപ്പസ്വാമി പറഞ്ഞു.