വാഹന നികുതി അടക്കാനുള്ള തീയതി സെപ്തംബര്‍ 30 വരെ നീട്ടി
തിരുവനന്തപുരം: വാഹന നികുതി അടയ്ക്കുവാനായുള്ള അവസാന തീയതി നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയത്. സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ പാദങ്ങളിലെ നികുതി അടയ്ക്കാനുള്ളതാണ് നീട്ടിയിരിക്കുന്നത്.
കോവിഡ് മഹാമാരിയില്‍ വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇങ്ങനൊരു നടപടി എടുത്തതെന്ന് മന്ത്രി അറിയിച്ചു. ഓഗസ്റ്റ് 31 വരെയാണ് നേരത്തെ നികുതി അടയ്ക്കാനുള്ള കാലാവധി ഉണ്ടായിരുന്നത്.
എന്നാല്‍, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണും കടുത്ത നിയന്ത്രണങ്ങളും വാഹന മേഖലയെയും ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിനോട് നികുതി അടയ്ക്കാനായി വാഹന ഉടമകള്‍ കാലാവധി ആവശ്യപ്പെട്ടിരുന്നു. അതാണ് ഓഗസ്റ്റ് വരെ നീട്ടിയത്.
എന്നാല്‍ ഇപ്പോഴും സ്ഥിതി മെച്ചപ്പെടാത്തതിനാല്‍ വാഹന ഉടമകളെ പ്രതിസന്ധിയിലാക്കാതിരിക്കാനാണ് കാലാവധി വീണ്ടും നീട്ടിയത്. നേരത്തെ കോവിഡ് പശ്ചാത്തലത്തെ കണക്കിലെടുത്ത് ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍ക്കാനുള്ള ആംനസ്റ്റി പദ്ധതി നവംബര്‍ 30 വരെ നീട്ടിയിരുന്നു.