'സിഗ്നല്‍' പ്രമോട്ട് ചെയ്ത് ഇലോണ്‍ മസ്‌ക്.
സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നത്
വാട്‌സ് ആപ്പിന് പാരയാകുന്നു
കോഴിക്കോട്: 180-ഓളം രാജ്യങ്ങളിലായി ഏകദേശം 2 ബില്ലിയനിലധികം പേര്‍ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണ് വാട്സ്ആപ്പ്. ടെലിഗ്രാം, വീ ചാറ്റ്, സ്‌നാപ്ചാറ്റ് തുടങ്ങിയ എതിരാളികളുണ്ടെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തിലും പ്രതിദിനം കൈമാറ്റം ചെയ്യുന്ന മെസ്സേജുകളുടെ എണ്ണത്തിലും വാട്‌സ്ആപ്പ് ബഹുദൂരം മുന്നിലാണ്. പക്ഷെ വാട്‌സ്ആപ്പിന്റെ പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും ഉപഭോക്താക്കള്‍ക്ക് അത്ര പിടിച്ചിട്ടില്ല.
ട്രാന്‍സാക്ഷന്‍ & പേയ്‌മെന്റ്‌സ്, കണക്ഷന്‍സ്, മീഡിയ, ഡിവൈസ്, കണക്ഷന്‍ ഇന്‍ഫര്‍മേഷന്‍, ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ എന്നിങ്ങനെ വാട്‌സാപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള അനുമതിയാണ് പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും ആവശ്യപ്പെടുന്നത്. ഒപ്പം ഈ വിവരങ്ങള്‍ മാതൃകമ്പനിയായ ഫേസ്ബുക്കുമായി പങ്കുവയ്ക്കാനുള്ള അനുവാദവും പുതിയ നിബന്ധനകള്‍ അംഗീകരിക്കുനനത്തോടെ വാട്‌സാപ്പ് ഉപഭോക്താവ് നല്‍കുന്നുണ്ട്. ഇതോടെ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോരും എന്ന ഭീതിയിലാണ് വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍.
വാട്‌സ്ആപ്പിന്റെ പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും സംബന്ധിച്ച് സംശയങ്ങള്‍ നില നില്‍ക്കെയാണ് ലോകത്തെ അതിസമ്പന്നരുടെ ലിസ്റ്റില്‍ അടുത്തിടെ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന ഇലോണ്‍ മസ്‌ക് വാട്‌സാപ്പിനെ ഉപേക്ഷിച്ച് സിഗ്നല്‍ ആപ്പിലേക്ക് മാറാന്‍ ആഹ്വാനം ചെയ്തത്. 'Use Signal' എന്ന് മാത്രമുള്ള ടെസ്ല സിഇഓയുടെ ട്വീറ്റിനെത്തുടര്‍ന്ന് ഇന്ത്യയടക്കം സിഗ്നല്‍ ആപ്പിന് ആവശ്യക്കാരേറി. ഇന്ന് (ജനുവരി 9) പുലര്‍ച്ചെ സിഗ്നല്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് അനുസരിച്ച് ഇന്ത്യ, ഓസ്ട്രിയ, ഫ്രാന്‍സ്, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ ചാര്‍ട്ടില്‍ ആദ്യ മൂന്ന് സ്ഥാനത്ത് സിഗ്നല്‍ കയറിപറ്റിയിട്ടുണ്ട്.