അനുപമക്ക് ഇന്ന് കുഞ്ഞിനെ കിട്ടിയേക്കും
കോടതി തീരുമാനം നിര്‍ണായകം
തിരുവനന്തപുരം: അമ്മ അറിയാതെ ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ ലഭിക്കാനായി അനുപമ (Anupama) നടത്തിയ പോരാട്ടം ഫലപ്രാപ്തിയിലേക്ക്. കുഞ്ഞിന്റെ ഡി എന്‍ എ ഫലം (DNA result) പുറത്തുവന്നതോടെ യഥാര്‍ത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ കിട്ടുമെന്ന് ഉറപ്പായി. ഇനി അറിയാനുള്ളത് കാത്തിരിപ്പ് എത്ര നീളുമെന്നാണ്. ഒരു പക്ഷേ ഇന്ന് തന്നെ കാത്തിരിപ്പ് അവസാനിച്ചേക്കുമെന്നാണ് സൂചന. വിവാദ ദത്തുകേസില്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞത് സിഡബ്‌ള്യുസി (cwc) ഇന്ന് കോടതിയെ അറിയിക്കും. കോടതി നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് കുട്ടി അമ്മയുടെ സ്വന്തമാകുക എപ്പോഴാകും എന്നതുമാത്രമാകും പിന്നെ അറിയാനുണ്ടാകുക. അന്താരാഷ്ട്രാ തലത്തില്‍ വരെ ചര്‍ച്ചയായ അനുപമയുടെ കുഞ്ഞിന് വേണ്ടിയുള്ള സമരം കോടതി നടപടികള്‍ക്ക് ശേഷമാകും ഫലപ്രാപ്തിയിലെത്തുക.
തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഇന്ന് ഡി എന്‍ എ പരിശോധന ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിതിന്റേതുമാണെന്നുമുള്ള ഡിഎന്‍എ ഫലം വന്നതാണ് കേസില്‍ നിര്‍ണ്ണായകമായത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്ത് നിര്‍മ്മലാ ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. ഉടന്‍ കുഞ്ഞിനെ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു അനുപമയുടെ ആദ്യ പ്രതികരണം.
ഒരു വര്‍ഷത്തെയും ഒരുമാസത്തെയും ഒരു ദിവസത്തെയും വേര്‍പിരിയലിനൊടുവിലായിരുന്നു അമ്മയും അച്ഛനും കുഞ്ഞിനെ കണ്ടത്. നിര്‍മ്മലാ ശിശുഭവനില്‍ രക്ഷിതാക്കള്‍ കുഞ്ഞിനൊപ്പം ചെലവിട്ടത് അരമണിക്കൂറായിരുന്നു. രാജീവ് ഗാന്ധി സെന്റര്‍ ബയോ ടെക്‌നോളജിയില്‍ നിന്നുള്ള ഡിഎന്‍എ ഫലം ഇന്നലെ ഉച്ചയോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. ഫലം പോസിറ്റീവാണെന്നറിഞ്ഞതോടെ പെരുമഴയിലും കൊടുംവെയിലിലും ഇളകാതെ സമര ചെയത് അനുപമയുടെ സമരപ്പന്തലില്‍ അതിരില്ലാത്ത ആഹ്‌ളാദവും മധുരവിതരണവുമായിരുന്നു നടന്നത്.
കുഞ്ഞിന്റെ യഥാര്‍ത്ഥ അച്ഛനെയും അമ്മയെയും തിരിച്ചറിഞ്ഞതോടെ ഇനി വെറും സാങ്കേതിക നടപടിക ക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. സിഡബ്‌ള്യൂസി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ക്ഷന്‍ ഡിക്‌ളറേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി റദ്ദാക്കും. സി ഡബ്‌ള്യൂസിക്ക് തന്നെ കുഞ്ഞിനെ അനുപമക്ക് വേണമെങ്കില്‍ കൈമാറാം. പക്ഷെ വലിയ നിയമക്കരുക്കായ കേസായതിനാല്‍ കോടതിയുടെ അനുമതിയോടെയാകും നടപടികള്‍. ഡിഎന്‍ ഫലം വരുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിന് ഇടാനുള്ള പേര് കണ്ട് വെച്ചിരുന്നു. എയ്ഡന്‍ അനു അജിത് എന്ന പേരാണ് കരുതിവച്ചിരിക്കുന്നതെന്ന് അച്ഛനും അമ്മയും വ്യക്തമാക്കി. ആന്ധ്രാ ദമ്പതികള്‍ക്ക് കുഞ്ഞിനെ ദത്ത് കൊടുക്കാനായി നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ഷന്‍ ഡിക്ലറേഷന്‍ പിന്‍വലിക്കുമെന്ന് സി ഡബ്ല്യുസി വ്യക്തമാക്കിയിട്ടുണ്ട്.