കോഴിക്കോട് : യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. സനായിലെ അപ്പീല്‍ കോടതിയെ ആണ് സമീപിച്ചത് . നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രാജ്യാന്തരതലത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു കേന്ദ്ര സര്‍ക്കാരും ഇടപെട്ടിരുന്നു.എന്നാല്‍ നഷ്ടപരിഹാരം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങള്‍ നിര്‍ജീവമായത്.
കേസിനെ കുറിച്ചോ നിലവിലെ അവസ്ഥയെ കുറിച്ചോ യാതൊരു വിവരവുമില്ലെന്ന് നിമിഷപ്രിയയുടെ അമ്മ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇടപെടാമെന്ന് അറിയിച്ചിരുന്നുവെന്നും അമ്മ പ്രതികരിച്ചു.
യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
നിയമപരമായ വഴികള്‍ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവര്‍ക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു .
2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.