മൈസൂരു ഭൂമി കുംഭകോണക്കേസ്: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍
 



ബംഗളൂരു: മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ സ്ഥലം അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യും. പ്രദീപ് കുമാര്‍, ടിജെ എബ്രഹാം, സ്നേഹമയി കൃഷ്ണ എന്നിവരുടെ ഹര്‍ജിയെ തുടര്‍ന്നാണ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17, സെക്ഷന്‍ 218 പ്രകാരമാണ് ഗവര്‍ണര്‍ വിചാരണക്ക് അനുമതി നല്‍കിയത്. 

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു. ആരോപണങ്ങള്‍ക്ക് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും എന്തുകൊണ്ട് വിചാരണ ചെയ്യരുതെന്നും വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ട് ഗവര്‍ണര്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വിചാരണക്ക് അനുമതി നല്‍കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് മന്ത്രിസഭ പ്രമേയം പാസാക്കി. നോട്ടീസ് പിന്‍വലിക്കണമെന്നും  ഭരണഘടനാ പദവി ദുരുപയോഗം ചെയ്യരുതെന്നും  ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തു.കോടികളുടെ കുംഭകോണം സംസ്ഥാന ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന് പരാതിക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു. 

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയില്‍ ലോകായുക്തയില്‍ എബ്രഹാം പരാതി നല്‍കിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളിലാണ് പരാതി നല്‍കിയത്. ഭൂമി കുംഭകോണത്തില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും മുഡ, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് മറ്റൊരു ആക്ടിവിസ്റ്റായ സ്‌നേഹമയി കൃഷ്ണയും ആരോപിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചതിനാല്‍ പുതിയ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ല.

തന്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ല്‍ സഹോദരന്‍ മല്ലികാര്‍ജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ 2004-ല്‍ മല്ലികാര്‍ജുന ഇത് അനധികൃതമായി സ്വന്തമാക്കുകയും സര്‍ക്കാരിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുവെന്ന് ആക്ടിവിസ്റ്റ് കൃഷ്ണ ആരോപിച്ചു. 2014ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാര്‍വതി ഈ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media