വികസിത രാജ്യങ്ങള്‍ കാര്‍ബണ്‍ പുറംതള്ളല്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ അടിയന്തിരമായി നടത്തണം; പിയൂഷ് ഗോയല്‍
റോം: വികസിത രാജ്യങ്ങള്‍ ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ കാര്‍ബണ്‍ പുറംതള്ളലില്ലാത്ത നിലയിലേക്കെത്തണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. റോമില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ വെച്ചാണ് ഗോയലിന്റെ പരാമര്‍ശം.
'വികസിത രാജ്യങ്ങള്‍ എത്രയും പെട്ടന്ന് കാര്‍ബണ്‍ പുറംതള്ളലില്ലാത്ത അവസ്ഥയിലെത്തെണം, അങ്ങനെയെങ്കില്‍ വികസ്വര രാജ്യങ്ങള്‍ക്ക് കാര്‍ബണ്‍ സ്പേസ് നല്‍കാനും അതുവഴി അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അജണ്ടകള്‍ക്കും വളരെയധികം സഹായകമാകാനും സാധിക്കും,' ഗോയല്‍ പറഞ്ഞു.
കാലങ്ങളായി കുറഞ്ഞ ചെലവില്‍ ഊര്‍ജത്തിന്റെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ വികസിത രാജ്യങ്ങള്‍, മറ്റ് വികസ്വര-അവികസിത രാജ്യങ്ങളിലേക്കുള്ള ധനസഹായവും മറ്റ് സാങ്കേതിക വിദ്യകളും കൈമാറുന്നതിനുള്ള സാമാന്യ പ്രതിബദ്ധത പോലും പാലിച്ചിട്ടില്ലെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.
കല്‍ക്കരിയില്‍ നിന്നും ആണവോര്‍ജത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന് ആണവനിലയങ്ങള്‍ സ്ഥാപിക്കണമെന്നും, അതിന് വന്‍തോതിലുള്ള മൂലധനം ആവശ്യമാണെന്നും, അക്കാര്യം ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പില്‍ അംഗമാവണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഉറപ്പാക്കിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് അവശ്യമായ ഇന്ധനവിതരണം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസിത രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള സന്നദ്ധത കാണിച്ചിട്ടില്ലെന്നും, ഭാവിയെ കരുതി അവര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.