കോഴിക്കോട്: കര്‍ക്കിടക വാവ് ആചരിക്കേണ്ടത് ഓഗസ്റ്റ് മൂന്നിനാണെന്ന് പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി ജോതിഷ സഭ. കര്‍ക്കിടക വാവ് ഓഗസ്റ്റ് നാലിനാണെന്ന രീതിയില്‍ ചില പഞ്ചാംഗങ്ങളിലും കലണ്ടറുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഇക്കാര്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ഭക്തരെ ആശയക്കുഴപ്പത്തിലാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിക്കുന്നതെന്ന് പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ ടി.കെ. മുരളീധര പണിക്കര്‍ പറഞ്ഞു. കേരളത്തിലെ ആധികാരിക പഞ്ചാംഗങ്ങളിലെല്ലാം കര്‍ക്കിടക വാവ് ഓഗസ്റ്റ് മൂന്നിനാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ശാസ്ത്ര വിധി പ്രകാരം നക്ഷത്രമായാലും തിഥി ആയാലും സൂര്യാസ്തമനത്തിനു മുമ്പ് ആറ് നാഴിക പകല്‍ തുടങ്ങുന്ന ദിവസമാണ് ശ്രാദ്ധം ആചരിക്കേണ്ടത്. അപ്രകാരം ഗണിക്കുമ്പോള്‍ മൂന്നാം തീയതിയാണ് കര്‍ക്കിക വാവ് ആചരിക്കേണ്ടത്. പിതൃ പ്രീതിക്കായി അന്നു തന്നെ ശ്രാദ്ധം അനുഷ്ഠിക്കണം.
വാര്‍ത്താ സമ്മേളനത്തില്‍ ജോതിഷ സഭ ചെയര്‍മാന്‍ എം.പി. വിജീഷ് പണിക്കര്‍, വൈസ് ചെയര്‍മാന്‍ ചെലവൂര്‍ ഹരിദാസ പണിക്കര്‍ ജനറല്‍ സെക്രട്ടറി മൂലയില്‍ മനോജ് പണിക്കര്‍ വൈസ് ചെയര്‍മാന്‍ അനില്‍ പണിക്കര്‍ എന്നിവരും പങ്കെടുത്തു.