കണ്ണൂര്‍: സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയും അടക്കമുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ്. പി ജയരാജനെ മാത്രം പുകഴ്ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്ത്താനും ഇവര്‍ക്ക് സാധിക്കുന്നത് പാര്‍ട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നും ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ മനു കുറ്റപ്പെടുത്തി. ഇരുവരേയും പി ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആഎസ്എസ് ക്രിമില്‍ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്‌ഐയെ വെറുതെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് അര്‍ജുന്‍ ആയങ്കിക്ക് മനു തോമസിന്റെ മറുപടി. ഒരാളെ കൊല്ലാനും പാര്‍ട്ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്ത്തുന്നത്. പി ജയരാജന്‍ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്‌ഐക്ക് മുന്നറിയിപ്പുമായി അര്‍ജ്ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാല്‍ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അര്‍ജുന്റെ മുന്നറിയിപ്പ്. 'വിചാരണ ചെയ്യുന്ന സാഹചര്യം വന്നാല്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാകും.
അധോലോകത്തില്‍ അതിഥികളായ അഭിനവ വിപ്ലവകാരികള്‍ ആരെന്ന് ചൂണ്ടിക്കാണിക്കാന്‍ നില്‍ക്കുന്നില്ല. അനാവശ്യമായി ഉപദ്രവിക്കാന്‍ നിന്നാല്‍ അതാര്‍ക്കും ഗുണം ചെയ്യില്ല' എന്നും സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ഉള്‍പെട്ട് ജാമ്യത്തില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കി മുന്നറിയിപ്പ് നല്‍കുന്നു. അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള അര്‍ജുന്‍ ആയങ്കി പ്രതികരിച്ചത്.