നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം നിർമ്മിച്ചത് തോട്ടഭൂമിയിൽ
മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലെന്നതിന്‍റെ രേഖകള്‍ പുറത്ത്. കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റിലാണ് തോട്ടഭൂമിയാണെന്ന് വ്യക്തമാക്കിയത്. നോളജ് സിറ്റിയിലെ ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്‍റര്‍നാഷണല്‍ എന്ന കമ്പനി കെട്ടിടം നിര്‍മിക്കാനായി നല്‍കിയ അപേക്ഷയില്‍ കോടഞ്ചേരി വില്ലേജില്‍ നിന്ന് നല്‍കിയ കൈവശാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമിയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍മാണാവശ്യത്തിന് ഉപയോഗിക്കാനാവാത്ത ഭൂമിയാണിതെന്ന് രേഖകളിൽ നിന്നും വ്യക്തമാണ്. എന്നിട്ടും കമ്പനി പിന്‍മാറിയില്ല. പഞ്ചായത്തിനെ സമീപിച്ചു. ഭൂപരിഷ്കരണ നിയമ പ്രകാരം ഇളവ് അനുവദിച്ച തോട്ടഭൂമി എന്ന് രേഖപ്പെടുത്തിയതിനാല്‍ നിര്‍മാണാനുമതി നല്‍കാവുന്നതാണോ എന്ന് റവന്യൂ അധികാരികളില്‍ നിന്ന് രേഖ ഹാജരാക്കേണ്ടതാണെന്ന് അപേക്ഷ പരിശോധിച്ച കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കി. എന്നാൽ അത്തരമൊരു രേഖ കിട്ടില്ലെന്നതിനാല്‍ തന്നെ അനുമതിയില്ലാതെ കമ്പനി പണി തുടങ്ങുകയായിരുന്നു. കെട്ടിടനിര്‍മാണം രണ്ടാം നിലയില്‍ എത്തിയപ്പോഴായിരുന്നു ഒരു ഭാഗം തകര്‍ന്ന് വീണത്. പിന്നാലെ പഞ്ചായത്ത് സ്റ്റോപ് മെമ്മോയും നല്‍കി.