തുടര്‍ച്ചയായ നഷ്ടങ്ങളെ പഴങ്കഥയാക്കി ഇന്ത്യന്‍ ഓഹരി വിപണികളില്‍ വമ്പന്‍ കുതിപ്പ്
തുടര്‍ച്ചയായ നഷ്ടങ്ങളെ പഴങ്കഥയാക്കി ഇന്ത്യന്‍ ഓഹരി വിപണികളില്‍ വമ്പന്‍ കുതിപ്പ്. കഴിഞ്ഞ വെള്ളിയാഴ്ചത്തേയും ഇന്നലെയും സംഭവിച്ച നഷ്ടം നികത്തുന്ന രീതിയിലുള്ള തകര്‍പ്പന്‍ മുന്നേറ്റമാണ് ചൊവ്വാഴ്ച വിപണികളില്‍ ദൃശ്യമായത്. എന്‍എസ്ഇ-യുടെ സൂചികയായ നിഫ്റ്റി 264 പോയിന്റ് വര്‍ധിച്ച് 17,176-ലും ബിഎസ്ഇ-യുടെ സൂചികകയായ സെന്‍സെക്‌സ് 886 പോയിന്റ് മുന്നേറി 57,633-ലും വ്യാപാരം അവസാനിപ്പിച്ചു. ഒരുവേള സെന്‍സെക്‌സ് 1000 പോയന്റിലേറെ കുതിച്ചെങ്കിലും അവസാന നിമിഷങ്ങളിലെ ലാഭമെടുപ്പ് കാരണമാണ് 57,700-ൽ താഴെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ കുതിപ്പിലൂടെ നിക്ഷേപകരുടെ ആസ്തിയില്‍ 3 ലക്ഷം കോടി രൂപയുടെ വര്‍ധനവമാണ് സമ്മാനിച്ചത്. ബാങ്ക് നിഫ്റ്റി 882 പോയിന്റ് ഉയര്‍ന്ന് 36,618-ലും എത്തി. ബാങ്ക്, ധനകാര്യം, വാഹനം, മെറ്റല്‍ ഓഹരികളില്‍ മികച്ച കുതിപ്പ് രേഖപ്പെടുത്തി. സ്‌മോള്‍ കാപ്പ്, മിഡ് കാപ്പ് വിഭാഗങ്ങളിലെ ഓഹരികളിലും വില വര്‍ധനവ് രേഖപ്പെടുത്തി.
കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച ആശങ്കകള്‍ ലഘൂകരിച്ചതും ഇന്നലെ യുഎസ് വിപണികളില്‍ ഉണ്ടായ കുതിപ്പും ആഭ്യന്തര വിപണികളെ ഗുണപരമായി സ്വാധീനിച്ചു. കൂടാതെ, തിരുത്തലിനു ശേഷം മികച്ച ഓഹരികള്‍ ആകര്‍ഷകമായ വില നിലവാരത്തില്‍ ലഭ്യമാകുന്ന സാഹചര്യവും ഡെറിവേറ്റീവ് വിഭാഗങ്ങളിലെ ഷോര്‍ട്ട് കവറിങ്ങും പ്രധാന സൂചികകളെ നിര്‍ണായ നിലവാരമായ 17,150 ഭേദിച്ച് മുന്നേറാന്‍ സഹയിച്ചു. ഇതിനോടൊപ്പം മൂന്ന് ദിവത്തെ ധനനയ അവലോകന യോഗം പൂര്‍ത്തിയാക്കി റിസര്‍വ് ബാങ്ക് പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിനേയും വിപണി പോസിറ്റീവായി എടുത്തു.