അബുദാബി: അബുദാബിയിലെ ഹിന്ദു ക്ഷേത്രം നരേന്ദ്ര മോദി നാളെ വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. ഇതിന്റെ മുന്നോടിയായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍ എത്തും. അബുദാബി ഹിന്ദു ക്ഷേത്രമായ ബോച്ച സന്യാസി അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സന്‍സ്ത മന്ദിര്‍ എന്നാണ് ക്ഷേത്രത്തിന് പേര്‍ നല്‍കിയിരിക്കുന്നത്. ബാപ്പ്‌സ് മന്ദിര്‍ എന്ന ചുരുക്കപ്പേരിലാണ് ക്ഷേത്രം അറിയിപ്പെടുക. 2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലം ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്.
പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് പ്രഖ്യാപനം നടത്തിയത്.
പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. 700 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് 1000 വര്‍ഷത്തെ ഉറപ്പുണ്ട് .
പിങ്ക് മണല്‍ക്കല്ലിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അബുദാബി സായിദ് സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് 'അഹ്ലാന്‍ മോദി' സമ്മേളനം നടക്കുന്നത്.
സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2ന് സംഘാടകര്‍ ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു.150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാന്‍ മോദി സമ്മേളനം നടക്കുക. 700-ലധികം കലാകാരന്മാര്‍ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടി സമ്മേളനത്തില്‍ അരങ്ങേറും.