രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിന് മുകളിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ദേശീയ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 1.37 ശതമാനം ഉയര്‍ന്ന് 8.32 ശതമാനത്തിലേക്ക് എത്തി. ജൂലൈയില്‍ ഇത് 6.95 ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയാണ് (സിഎംഐഇ) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
നഗര തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 1.5 ശതമാനം ഉയര്‍ന്ന് 9.78 ശതമാനമായി. ജൂലൈയില്‍ ഇത് 8.3 ശതമാനവും ജൂണില്‍ 10.07 ശതമാനവും മെയ് മാസത്തില്‍ 14.73 ശതമാനവും ഏപ്രിലില്‍ 9.78 ശതമാനവുമായിരുന്നു.
മാര്‍ച്ച് മാസത്തില്‍, കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ഇന്ത്യയെ ബാധിക്കുന്നതിനുമുമ്പ്, നഗര തൊഴിലില്ലായ്മ 7.27 ശതമാനം ആയിരുന്നു.
അതേസമയം, ഗ്രാമീണ തൊഴിലില്ലായ്മ ഓഗസ്റ്റില്‍ 1.3 ശതമാനം ഉയര്‍ന്ന് 7.64 ശതമാനമായി. ജൂലൈയില്‍ ഇത് 6.34 ശതമാനമായിരുന്നു. പ്രധാനമായും ഖരീഫ് സീസണില്‍ വിതയ്ക്കല്‍ കുറവായിരുന്നതാണ് തൊഴിലില്ലായ്മ ഉയരാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ തൊഴില്‍ രം?ഗത്ത് സമ്മര്‍ദ്ദം ശക്തമാണ്. കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങുകയാണെങ്കിലും, തൊഴില്‍ വിപണി ഇപ്പോഴും പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തുടനീളം, ഹരിയാനയും രാജസ്ഥാനും അടക്കം എട്ട് സംസ്ഥാനങ്ങളെങ്കിലും ഇരട്ട അക്ക തൊഴിലില്ലായ്മാ നിരക്ക് പ്രകടിപ്പിക്കുന്നതായി സിഎംഐഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.