പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്: രേഖകളും ഫോണുകളും പിടിച്ചെടുത്തു
 



തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍.ഐ.എ സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പുലര്‍ച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂര്‍ത്തിയായി. നിരവധി രേഖകളും മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം. 

പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെയെല്ലാം വീടുകളിലാണ് പരിശോധന. ഇവരില്‍ പലരും പിഎഫ്‌ഐ നിരോധനം മുതല്‍ തന്നെ എന്‍ഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന. ദില്ലിയില്‍ നിന്നടക്കമുള്ള എന്‍ഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടപടികള്‍. കേരള പൊലീസും റെയ്ഡുമായി സഹകരിക്കുന്നുണ്ട്. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഇല്ലാതെയാണ് റെയ്ഡ് പുരോഗമിച്ചത്. എറണാകുളം റൂറലില്‍ 12 ഇടത്താണ് റെയ്ഡ് നടന്നത്. 

തിരുവനന്തപുരം ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍. എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുകയാണ്. പി.എഫ്.ഐ മുന്‍ തിരുവനന്തപുരം സോണല്‍ പ്രസിഡന്റ് നവാസ് തോന്നയ്ക്കല്‍, മുന്‍ സംസ്ഥാന കമ്മിറ്റി അം?ഗം സുല്‍ഫി വിതുര, പിഎഫ്‌ഐ പ്രവര്‍ത്തകന്‍ പള്ളിക്കല്‍ ഫസല്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്.തിരുവനന്തപുരത്ത് എന്‍.ഐ.എ ഡിവൈഎസ്പി ആര്‍.കെ.പാണ്ടെയുടെ നേതൃത്വത്തിലാണ് പരിശോധന.

കൊല്ലം ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എന്‍.ഐ.എ സംഘം പരിശോധന നടത്തുന്നത്. ചക്കുവള്ളിയില്‍ സിദ്ദീഖ് റാവുത്തര്‍ എന്നയാളുടെ വീട്ടലാണ് പരിശോധന. സിദ്ദീഖ് റാവുത്തറിന്റെ വീട്ടില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകളും രണ്ടു ബുക്ക് ലെറ്റുകളും എന്‍.ഐ.എ സംഘം പിടിച്ചെടുത്തു. പുലര്‍ച്ചെ മൂന്ന് മണിക്ക് തുടങ്ങിയ റെയ്ഡ് ഏഴ് മണിയോടെ അവസാനിച്ചു. 

പത്തനംതിട്ടയില്‍ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടില്‍ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി. പത്തനംതിട്ടയില്‍ റെയ്ഡ് നടക്കുന്ന വീടുകളില്‍ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂര്‍ പഴകുളത്തും എന്‍ഐഎ പരിശോധന നടക്കുകയാണ്. പി.എഫ്.ഐ നേതാവ് സജീവിന്റെ വീട്ടിലാണ് പരിശോധന. 

ആലപ്പുഴയില്‍ അഞ്ച് ഇടത്ത് എന്‍ഐഎ റെയ്ഡ് നടത്തി. അരൂര്‍, എടത്വ, പുന്നപ്ര ,വീയപുരം, കായംകുളം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, സംസ്ഥാന സമിതി അംഗം കളരിക്കല്‍ സിറാജ്, സംസ്ഥാന കമ്മിറ്റി അംഗം  മങ്കോട്ടച്ചിറ മുജീബ്, മുന്‍ ജനറല്‍ സെക്രട്ടറി യാക്കൂബ് നജീബ് എന്നിവരുടെ  വീടുകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകള്‍ റെയ്ഡില്‍ കണ്ടെടുത്തു.

കോട്ടയം കാഞ്ഞിരപ്പള്ളിയിലും എന്‍.ഐ.എ റെയ്ഡ് നടക്കുകയാണ്. നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീര്‍ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരളാ പൊലീസിന്റെ സാന്നിധ്യത്തിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. ഈരാറ്റുപേട്ടയിലും എന്‍ഐഎയുടെ പരിശോധന നടക്കുകയാണ്. 

മൂവാറ്റുപുഴയില്‍ പി.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം.കെ അഷ്‌റഫിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചെ  രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയില്‍ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. ചിലയിടങ്ങളില്‍ റെയ്ഡ് അവസാനിച്ചു, നേരത്തെ അടച്ചു പൂട്ടിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ചില ഓഫീസുകളും എന്‍ഐഎ സംഘം തുറന്നുപരിശോധിച്ചു. 

തൃശ്ശൂരില്‍ കുന്നംകുളം കേച്ചേരിയില്‍ എന്‍ഐഎ റെയ്ഡ് നടത്തി. കേച്ചേരി തൂവാനൂരിലെ പിഎഫ്ഐ നേതാവ് ഹുസയറിന്റെ വീട്ടില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ആണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. നാല് മണിക്കൂര്‍ നീണ്ട് നിന്ന എന്‍ഐഎ റെയ്ഡ് കാലത്ത് ഏഴ് മണിക്കാണ് അവസാനിച്ചത്. തൂവാനൂര്‍ കറുപ്പംവീട്ടില്‍ കുഞ്ഞുമരക്കാറുടെ മകന്‍ 48 വയസ്സുള്ള ഉസൈര്‍ നിരോധിത സംഘടനയായ പിഎഫ്ഐയുടെ  സോണല്‍ പ്രസിഡന്റായിരുന്നു. എന്‍ ഐ യുടെ അഞ്ചംഗ സംഘമാണ് റെയ്ഡ് നടത്തിയത്. 
റെയ്ഡിനെ തുടര്‍ന്ന് ബാങ്ക് പാസ്സ് ബുക്കുകള്‍ അടക്കമുള്ള ചില രേഖകള്‍ എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് സൂചന. പെരുമ്പിലാവ് കേച്ചേരി എന്നിവിടങ്ങളില്‍ എന്‍ ഐ എ മുന്‍പ് നടത്തിയ റെയ്ഡുകളില്‍ പി എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നത്തെ റെയ്ഡില്‍ അറസ്റ്റ് നടന്നിട്ടില്ല എന്നാണ് പ്രാഥമിക വിവരം. ചാവക്കാട്ടെ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലെ റെയ്ഡും രാവിലെ ഏഴ് മണിയോടെ സമാപിച്ചു. 

മലപ്പുറത്ത് ഏഴിടങ്ങളില്‍ ആണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. പി.എഫ്.ഐ ദേശീയ ചെയര്‍മാനായിരുന്ന ഒ.എം.എ സലാമിന്റെ സഹോദരന്‍ ഒ.എം.എ ജബ്ബാറിന്റെ മഞ്ചേരി പട്ടര്‍കുളത്തെ വീട്ടിലും പിഎഫ്‌ഐ ദേശീയ ട്രെയ്‌നെര്‍ ആയിരുന്ന ഇബ്രാഹിമിന്റെ പുത്തനത്താണിയിലെ വീട്ടിലും, മുന്‍ സംസ്ഥാന ചെയര്‍മാനായിരുന്ന പി അബ്ദുല്‍ ഹമീദിന്റെ കോട്ടക്കല്‍ ഇന്ത്യനൂരിലെ വസതിയിലും കോട്ടക്കല്‍ ചെറുകാവ് സ്വദേശി റഫീഖിന്റെ വീട്ടിലും എന്‍ഐഎ സംഘം റെയ്ഡ് നടത്തി.  കൊണ്ടോട്ടിയിലെ മുജീബ് റഹ്മാന്റെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തി. ഇയാള്‍ നേരത്തെ പൈപ്പ് ബോംബ് കണ്ടെത്തിയ കേസില്‍ പ്രതിയാണ്. വളാഞ്ചേരി സ്വദേശി അഹമദിന്റെ വീട്ടിലും, കാട്ടിപ്പരുത്തിയിലെ മൊയ്ദീന്‍ കുട്ടിയുടെ വീട്ടിലും പരിശോധന നടന്നു. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്തും എന്‍ഐഎ പരിശോധന നടക്കുകയാണ്. നാസര്‍ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്. മലപ്പുറം സോണല്‍ പ്രസിഡന്റ് ആയിരുന്നു നാസര്‍ മൗലവി. ഇദ്ദേഹം നാട്ടിലിലെന്നും വിദേശത്താണെന്നുമാണ് വിവരം. 

കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി.എഫ്.ഐ പ്രവര്‍ത്തകന്‍ നൗഷാദിന്റെ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എന്‍ഐഎ പരിശോധന നടത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്.  മേപ്പയൂരിലെ അബ്ദുള്‍ റഷീദ് എന്നയാളുടെ വീട്ടിലും റെയ്ഡ് നടന്നു.

വയനാട്ടിലും  പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടക്കുകയാണ്. മാനന്തവാടി താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജന്‍സി റെയ്ഡ് നടത്തുന്നത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ്
കണ്ണൂര്‍ സിറ്റിയിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുസാഫിര്‍ പൂവളപ്പിലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.  മട്ടന്നൂര്‍, വളപട്ടണം, കിഴുത്തള്ളി , കക്കാട്, ന്യൂ മാഹി, കണ്ണൂര്‍ സിറ്റി, അടക്കം ജില്ലയിലെ 9 ഇടങ്ങളിലാണ് പരിശോധന
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടര്‍ച്ചയായാണ് ഈ റെയ്ഡ് എന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂര്‍ത്തിയാക്കി എന്‍ഐഎ ഉദ്യോഗസ്ഥരും പൊലീസും മടങ്ങി. 

ഈ വര്‍ഷം സെപ്തംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ , റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. സെപ്തംബറില്‍ നടന്ന കേന്ദ്രസേനകളുടെ സഹായത്തോടെയും കേരള പൊലീസിനെ പൂര്‍ണമായി ഒഴിവാക്കിയുമായിരുന്നു. എന്നാല്‍ ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികള്‍ക്ക് വേണ്ട സുരക്ഷയൊരുക്കിയത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media