ദ്രവ ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിച്ച് രാജ്യത്തെ സ്റ്റീല്‍ പ്ലാന്റുകള്‍
കോഴിക്കോട്: ദ്രവ മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍എംഒ) വിതരണം ചെയ്ത് രാജ്യത്തുടനീളമുള്ള പൊതു, സ്വകാര്യ മേഖലകളിലെ സ്റ്റീല്‍ പ്ലാന്റുകള്‍.രാജ്യത്തിന്റെ പ്രതിദിന ദ്രവ മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യകതയായ 10,000 മെട്രിക് ടണ്‍ ലഭ്യമാക്കുന്നതില്‍ പെട്രോളിയം മേഖലയ്ക്കൊപ്പമാണ് സ്റ്റീല്‍ മേഖലയുടേയും പിന്തുണ.സ്റ്റീല്‍ പ്ലാന്റുകള്‍, ദ്രവ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം പ്രതിദിനം 4000 എംടി എന്നതിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. 2021 ഏപ്രില്‍ ഒന്നിന് 538 എംടി ആയിരുന്നു പ്രതിദിനം ഉത്പാദിപ്പിച്ചിരുന്നത്. മെയ് 16 ന് 4314 എംടി വിതരണം ചെയ്തപ്പോള്‍, മേയ് 17 ന് 4435 എംടി ആയി വര്‍ധിച്ചു.
കോവിഡ് -19 ന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടാന്‍ രാജ്യത്തെ സഹായിക്കുന്നതിന് ഒരു ലക്ഷം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വാങ്ങാനുള്ള ഉത്തരവാദിത്തം ഒഎന്‍ജിസിക്ക് നല്‍കിയിട്ടുണ്ട്. വിതരണ പ്രക്രിയ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും , അടുത്ത മാസം അവസാനത്തോടെ മുഴുവന്‍ ചരക്കുകളും എത്തിച്ചേരുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആഭ്യന്തര ശേഷി പ്രോത്സാഹിപ്പിക്കുന്നതിന്, ആഭ്യന്തര നിര്‍മ്മാതാക്കളില്‍ നിന്നും 40,000 യൂണിറ്റ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ധാരാളം സിലിണ്ടറുകള്‍ നിറയ്ക്കാന്‍ സഹായിക്കുന്ന ഉയര്‍ന്ന ശേഷിയുള്ള ഓക്‌സിജന്‍ കംപ്രസ്സറുകള്‍ വാങ്ങുക, ദ്രവ ഓക്‌സിജന്റെ ഇറക്കുമതി, ടാങ്കറുകളിലൂടെയും ഐഎസ്ഒ കണ്ടെയ്നറുകളിലൂടെയും ദ്രവ ഓക്‌സിജന്‍ എത്തിക്കുന്നതിന് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുക എന്നിവയും ഇതുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടികളാണെന്നും കേന്ദ്രം അറിയിച്ചു .പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളില്‍ നൂറിലധികം പിഎസ്എ ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.