CPM സമ്മേളനം: കൊച്ചയില്‍ 'ഫുട്പാത്തുകള്‍ കയ്യേറി
കൊടിതോരണങ്ങള്‍; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 


കൊച്ചി: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി . സിപിഎം സമ്മേളനത്തിനായി  ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നിയമം പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍  അഭിപ്രായപ്പെട്ടു. 

ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുന്നു.  ഉത്തരവുകള്‍ നടപ്പാക്കാന്‍ , ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ. കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നത്. വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു.  ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. റോഡില്‍ നിറയെ ഭരണ കക്ഷിയുടെ കൊടികള്‍ ആണെന്ന് അമിക്കസ് ക്യൂരി കോടതിയെ അറിയിക്കുകയായിരുന്നു. 

റോഡ് അരികിലെ ഫ്‌ലെക്‌സ് ബോര്‍ഡുകളുടെ പേരില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയ്ക്ക് എതിരെയും ഹൈക്കോടതി വിമര്‍ശനം ഉണ്ടായി. അനധികൃത ബോര്‍ഡ് നീക്കാന്‍ ആയില്ലെങ്കില്‍ എങ്ങനെ സെക്രട്ടറി ആ സ്ഥാനത്ത് ഇരിക്കും. കലൂരില്‍ അടക്കം ഇപ്പോഴും നിരവധി ബോര്‍ഡുകള്‍ കാണാം. ഹൈക്കോടതി നോക്ക് കുത്തി ആണെന്ന് ധരിക്കരുത്. കഴിഞ്ഞ 3 വര്‍ഷം ആയി കോടതി ഇക്കാര്യം പറയുന്നു. നിയമലംഘനത്തിന് എതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. 

നഗരസഭകള്‍ക്ക് ഈ നിയമലംഘനത്തിനെതിരെ മിണ്ടാന്‍ ധൈര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ സിപിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി കോര്‍പറേഷന്‍ മറുപടി നല്‍കി. അഞ്ചാം തിയതിക്ക് ശേഷം എല്ലാ കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്നും കൊച്ചി കോര്‍പറേഷന്‍ പറഞ്ഞു. 

റോഡ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുള്ള കൊടിതോരണങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളിലെ അനധികൃത കൊടിതോരണങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കി. കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ നല്‍കിയ അനുമതി ഹാജരാക്കാന്‍ കൊച്ചി കോര്‍പറേഷനോടും നിര്‍ദേശിച്ചു. ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും ഇന്‍സ്റ്റലേഷനുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ കടുത്ത അതൃപ്തിയെന്ന് കോടതി അറിയിച്ചു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനം നടത്തേണ്ടതെന്നും കോടതി പറഞ്ഞു. സമ്മേളന ശേഷം കൊടിതോരണങ്ങള്‍ നീക്കം ചെയ്തതിന്റെ പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media