കുറഞ്ഞ ചെലവില്‍ ഉപഗ്രഹം മുഖേന ഇന്റെര്‍നെറ്റ്; അനുമതി കാത്ത് ഇലോണ്‍ മസ്‌ക്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഉപഗ്രഹം മുഖേന സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പദ്ധതി ഇന്ത്യയില്‍ വൈകില്ലെന്ന സൂചന നല്‍കി സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. രാജ്യത്ത് എപ്പോഴാണ് സ്റ്റാര്‍ലിങ്ക് വരുന്നതെന്ന ചോദ്യത്തിനിടെയായിരുന്നു മസ്‌കിന്റെ പ്രതികരണം.
ഇക്കൊല്ലം സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ആരംഭിക്കുമെന്നാണ് മുന്‍പ് സ്‌പേസ് എക്‌സ് അറിയിച്ചിരുന്നത്.ലോകമെങ്ങും ഉപഗ്രഹങ്ങള്‍ വഴി നേരിട്ട് കുറഞ്ഞ ചെലവില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനായി സ്‌പേസ് എക്‌സ് ഒരുക്കുന്ന സംവിധാനമാണ് സ്റ്റാര്‍ലിങ്ക്. ആയിരക്കണക്കിന് ചെറുഉപഗ്രഹങ്ങളാണ് ഇതിനായി വിന്യസിക്കുന്നത്.
നിലവില്‍ 1,600 ഉപഗ്രഹങ്ങള്‍ വിന്യസിച്ചുകഴിഞ്ഞു. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. കേബിള്‍ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളില്‍ പോലും ഇന്റര്‍നെറ്റ് ലഭിക്കുമെന്നതാണ് മെച്ചം.
കേബിളും ടവറുകളും മറ്റും സ്ഥാപിക്കുന്നതിന്റെ ചെലവുമില്ല. സെക്കന്‍ഡില്‍ 50 എംബി മുതല്‍ 150 എംബി വരെ സ്പീഡ് പരീക്ഷണ വേര്‍ഷനായ ബീറ്റയില്‍ ലഭിക്കുമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ അവകാശവാദം. കൂടുതല്‍ ഉപഗ്രഹങ്ങള്‍
വിക്ഷേപിക്കുന്നതനുസരിച്ച് വേഗവും കൂടും.നിലവില്‍ പല രാജ്യങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റാ വേര്‍ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
എന്താണ് തടസ്സം?
ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളുടെ സംഘടനയായ ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറം, സ്‌പേസ് എക്‌സ് നീക്കത്തിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി, ഐഎസ്ആര്‍ഒ എന്നിവയ്ക്ക് കത്തെഴുതിയിരുന്നു. രാജ്യത്ത്
ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ സ്‌പേസ് എക്‌സിന് അനുമതിയില്ലെന്നായിരുന്നു വാദം. സ്റ്റാര്‍ ലിങ്ക് സേവനങ്ങള്‍
നല്‍കുന്നതിനുള്ള ഉപഗ്രഹ ഫ്രീക്വന്‍സിക്ക് അംഗീകാരം ലഭിച്ചില്ലെന്നും ബ്രോഡ്ബാന്‍ഡ് ഫോറം ചൂണ്ടിക്കാട്ടി. ഇതില്‍ ട്രായ് അടക്കമുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന നിലപാടാണ് നിര്‍ണായകം.