യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്; കഴിഞ്ഞ മാസം മാത്രം നടന്നത് 3.2 ബില്യണ്‍ ഇടപാടുകള്‍.
ന്യൂഡെല്‍ഹി:നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍നിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധന. കോവിഡ് പ്രതിസന്ധിക്കിടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 3.2 ബില്യണ്‍ ഇടപാടുകളാണ് കഴിഞ്ഞ മാസം മാത്രം കമ്പനി നടത്തിയത്.
ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഇടപാടില്‍ 15.7 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മൂല്യത്തില്‍, ജൂലായില്‍, 6.06 ട്രില്യണ്‍ രൂപയുടെ ഇടപാടുകളാണ് യുപിഐ പ്രോസസ്സ് ചെയ്തിരിക്കുന്നത്. ജൂണിനെ അപേക്ഷിച്ച് 10.76 ശതമാനം വര്‍ദ്ധനവ്. 2016 ല്‍ ആരംഭിച്ച യുപിഐ 2019 ഒക്ടോബറില്‍ ഒരു ബില്യണ്‍ ഇടപാടുകള്‍ കടന്നിരുന്നു. അടുത്ത ബില്യണ്‍ ഇടപാടുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടന്നു.
2020 ഒക്ടോബറിലാണ് യുപിഐ ആദ്യമായി 2 ബില്യണിലധികം ഇടപാടുകള്‍ നടത്തിയത്. കൂടാതെ, പ്രതിമാസം 2 ബില്യണ്‍ ഇടപാടുകളില്‍ നിന്ന് 3 ബില്യണ്‍ ഇടപാടുകളിലേക്കുള്ള യാത്ര വെറും 10 മാസത്തിനുള്ളില്‍ നടന്നു. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ യുപിഐയുടെ വര്‍ദ്ധിപ്പിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, യുപിഐയും മറ്റ് പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളും ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രോസസ് ചെയ്ത ഇടപാടുകളില്‍ ഒരു കുറവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം സമ്പദ്‌വ്യവസ്ഥ തുറന്നപ്പോള്‍ അത് വീണ്ടെടുക്കുകയായിരുന്നു.