മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെഎം റോയ് അന്തരിച്ചു


മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഇംഗ്ലീഷ് മലയാളം ഭാഷകളിലെ പത്രപ്രവര്‍ത്തനത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായി രണ്ടുതവണ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഒട്ടനവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍, കോളമിസ്റ്റ്, പ്രഭാഷകന്‍, അധ്യാപകന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന തല  നേതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭാ ശാലിയായിരുന്ന കെ.എം റോയി ദീര്‍ഘ കാലം കോട്ടയം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കോട്ടയം പ്രസ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. കേരളത്തിലുടനീളമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗുരു തുല്യനാണ്   കെ എം റോയി എന്ന റോയി സാര്‍.
 
കേരള പ്രകാശത്തിലൂടെ മാധ്യമ രംഗത്ത്  അരങ്ങേറ്റം കുറിച്ചു. അതില്‍ വന്ന ലേഖനങ്ങള്‍ കൊണ്ടു തന്നെ അതിവേഗം ശ്രദ്ധ നേടുകയും ചെയ്തു.  പിന്നീട് ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു എന്നീ പത്രങ്ങളിലും വാര്‍ത്താഏജന്‍സിയായ യുഎന്‍ഐയിലും റിപ്പോര്‍ട്ടറായി.  മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകള്‍ നീണ്ട സജീവ പത്രപ്രവര്‍ത്തനത്തില്‍നിന്നു വിരമിച്ചത്. 

മികച്ച പ്രഭാഷകനായി പേരെടുത്ത അദ്ദേഹം കേരള പ്രസ് അക്കാദമി ഉള്‍പ്പടെയുള്ള ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൂടെ പത്രപ്രവര്‍ത്തകര്‍ക്കു വഴികാട്ടിയുമായി.  രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. 

മത്തായി മാഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും 2 യാത്രാ വിവരണവും രചിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത മാധ്യമ പുരസ്‌കാരമായ സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തെ  തേടിയെത്തിയിട്ടുണ്ട്. 

പത്രപ്രവര്‍ത്തന ജീവിതം

എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ 1961 ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു.

മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്ത് നിന്ന് വിരമിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ ആയി മംഗളം വാരികയില്‍ ഇരുളും വെളിച്ചവും എന്ന പംക്തി എഴുതി വരികയായിരുന്നു അദ്ദേഹം.  ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 

വഹിച്ച പദവികള്‍

കേരള പത്രപ്രവര്‍ത്തക യൂനിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറലായിട്ടുണ്ട് - 1984-1988.
പുസ്തകങ്ങള്‍

ഇരുളും വെളിച്ചവും.
കാലത്തിന് മുമ്പെ നടന്ന മാഞ്ഞൂരാന്‍.
അവാര്‍ഡുകള്‍

പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി അവാര്‍ഡുകള്‍ റോയ് കരസ്ഥമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്
സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം
പ്രഥമ സി.പി ശ്രീധരന്‍ സ്മാരക മാധ്യമ പുരസ്‌കാരം
മുട്ടത്തുവര്‍ക്കി അവാര്‍ഡ് - ബാബ്‌റി മസ്ജിദ് തകര്‍ക്കലുമായി ബദ്ധപ്പെട്ട് അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന് ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള 1993-ലെ അവാര്‍ഡ്.
ശിവറാം അവാര്‍ഡ്.
ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ലൈഫ്ടൈം അവാര്‍ഡ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media