സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തി
കൊച്ചി: കളമശ്ശേരിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും ഉടന്‍ കൊച്ചിയിലെത്തും.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ്ധ മെഡിക്കല്‍ സംഘം കളമശ്ശേരിയിലേക്കെത്തും. ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് ഉടന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനമുണ്ടാകുമ്പോള്‍ ഏകദേശം 2400ലേറെപ്പേര്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.