ആരോഗ്യ മേഖലയ്ക്ക്  989.84 ടണ്‍ ദ്രവീകൃത ഓക്സിജന്‍ നല്‍കി : കെഎംഎംഎല്‍


കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമേഖലയ്ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് സജീവമായ പിന്തുണയാണ് നല്‍കുന്നത്. കെ എം എം എല്ലില്‍ സ്ഥാപിച്ച പുതിയ ഓക്സിജന്‍ പ്ലാന്റില്‍ ഇതുവരെ ഉല്‍പാദിപ്പിച്ച 989.84 ടണ്‍ ദ്രവീകൃത ഓക്സിജനില്‍ 981.84 ടണ്ണും ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്തുവെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.ഒരു ദിവസം 7 ടണ്‍ വരെ ദ്രവീകൃത ഓക്സിജനാണ് പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കൊവിഡ് ചികിത്സയില്‍ ഓക്സിജന്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതിനാല്‍ കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനം വലിയ ആശ്വാസമാണ് എന്നും മന്ത്രി വ്യക്തമാക്കി. 70 ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് 2020 ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 50 കോടി രൂപയാണ് ചെലവ്. പ്രതിദിനം 63 ടണ്‍ വാതക ഓക്‌സിജന്‍ കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് വേണം. ഇതിനു പുറമെയാണ് ആരോഗ്യ മേഖലയ്ക്കായി ദ്രവീകൃത ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

1984 ല്‍ കെ എം എം എല്‍ കമ്മീഷന്‍ ചെയ്യുമ്പോള്‍ 22,000 ടണ്‍ ടൈറ്റാനിയം പിഗ്മന്റ് ആയിരുന്നു സ്ഥാപിത ഉത്പാദനശേഷി. ഇതിന് ആവശ്യമായ 50 ടണ്‍ ഓക്സിജന്‍ പ്ലാന്റ് അന്ന് സ്ഥാപിച്ചിരുന്നു. ടൈറ്റാനിയ പിഗ്മെന്റ് യൂണിറ്റിന്റെ ശേഷി ഇന്ന് 36,000 ടണ്ണോളമാണ്. അപ്പോള്‍ ഉല്‍പ്പാദനപ്രവര്‍ത്തനങ്ങള്‍ക്ക് 63 ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വന്നു. പുറത്തുനിന്ന് ഓക്‌സിജന്‍ വാങ്ങേണ്ട സാഹചര്യവും ഉണ്ടായി. പ്രതിവര്‍ഷം 12 കോടിയോളം ഇതിനായി ചെലവഴിച്ചിരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. അതോടെ ഓക്‌സിജന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കെഎംഎംഎല്ലിന് കഴിഞ്ഞു. ഒപ്പം ആരോഗ്യമേഖലയിലേക്ക് കൂടി നല്‍കാനായത് അഭിമാന നേട്ടമാകുന്നുവെന്നും മന്ത്രി ഇപി ജയരാജന്‍ വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media